ഡൽഹി: രാജ്യദ്രോഹക്കേസിൽ അസം പോലീസ് ചോദ്യം ചെയ്യലിനായി മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനെയും കരൺ ഥാപ്പറിനെയും സമൻസ് നൽകി വിളിച്ചു വരുത്തി. ദ വയർ യുടെ സ്ഥാപക പത്രാധിപരുമായ സിദ്ധാർത്ഥ് വരദരാജനും പ്രമുഖ മാധ്യമപ്രവർത്തകനായ കരൺ ഥാപ്പറും ഓഗസ്റ്റ് 22-ന് ഗുവാഹത്തി ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് അറിയിപ്പിലാണ് വ്യക്തമാക്കിയിരിക്കുന്നത്.Assam Police summons Varadarajan, Thapar in sedition case
കേസിന്റെ വിശദാംശങ്ങളെക്കുറിച്ച് പോലീസ് ഔദ്യോഗികമായി വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾക്കും മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ സൗമർജ്യോതി റേ അയച്ച സമൻസിലാണ് ബി.എൻ.എസ്. വകുപ്പുകൾ 152, 196, 197(1)(D)/3(6), 353, 45, 61 എന്നിവ പ്രകാരം കേസെടുത്തതായി വ്യക്തമാക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്കെതിരായ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്ന വകുപ്പായ 152 പ്രകാരമാണ് കേസിന്റെ പ്രധാന അടിസ്ഥാനം.
“നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കേണ്ട സാഹചര്യത്തിലാണ്. അതിനാൽ ചോദ്യം ചെയ്യൽ അനിവാര്യമാണ്. ഇതിന് പിന്നിൽ നിയമസാധുതയുള്ള കാരണങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നു,” എന്നാണ് സമൻസിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 14-ന് സിദ്ധാർത്ഥ് വരദരാജനു നോട്ടീസ് ലഭിച്ചിരുന്നു. അതേപോലെ, തിങ്കളാഴ്ചയാണ് കരൺ ഥാപ്പറിനും നോട്ടീസ് കൈമാറിയത്. നിശ്ചിത സമയത്ത് ഹാജരാകാതെയോ നിർദ്ദേശങ്ങൾ പാലിക്കാതെയോ പോയാൽ അറസ്റ്റ് ചെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
