തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കംപ്യൂട്ടർ സംവിധാനം ഹാക്ക് ചെയ്തതായി പുറത്തുവന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ബി. മഹേഷ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.Computer system at Sree Padmanabhaswamy temple hacked
ക്ഷേത്രത്തിലെ പ്രോഗ്രാമുകളിലും ഡാറ്റയിലും ഹാക്കർമാർ ഇടപെടലുകൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഏതൊക്കെ വിവരങ്ങളാണ് ചോർത്തിയതെന്നത് വ്യക്തമല്ല. സാമ്പത്തിക തട്ടിപ്പിനായോ മറ്റ് കുറ്റകൃത്യങ്ങൾക്കായോ വിവരങ്ങൾ കൈമാറിയതാണോ എന്നും ഹാക്കിങ് ക്ഷേത്രസുരക്ഷയെയും ഓൺലൈൻ ഇടപാടുകളെയും ബാധിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ സംവിധാനം പ്രവർത്തനരഹിതമാക്കാനായിരുന്നു ശ്രമമെന്ന് പരാതിയിൽ പറയുന്നു. ജൂൺ 13-ന് മുൻപുള്ള ദിവസങ്ങളിലാണ് ആക്രമണം നടന്നത്.
സംഭവത്തിന് ക്ഷേത്രത്തിലെ ഒരു താത്കാലിക ജീവനക്കാരനാണ് പിന്നിൽ എന്നാണു സംശയം. മാസങ്ങൾക്കു മുമ്പ് ഇയാളെ കമ്പ്യൂട്ടർ വിഭാഗത്തിൽ നിന്ന് മാറ്റിയിരുന്നെങ്കിലും, തുടർന്ന് ജീവനക്കാരുടെ ഒരു സംഘടനാ നേതാവിന്റെയും ചില ക്ഷേത്രഭരണാധികാരികളുടെയും നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആക്രമണശ്രമം നടന്നിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട പരാതികളിൽ പൊലീസിന്റെ നടപടി ഉണ്ടായിരുന്നില്ല.
മാറ്റിയ ശേഷവും ആ ജീവനക്കാരൻ സ്ഥിരമായി ക്ഷേത്രത്തിന്റെ കംപ്യൂട്ടർ നെറ്റ്വർക്കിൽ പ്രവേശിച്ചിരുന്നതായാണ് ആരോപണം. ഉന്നത ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകളിലെ വിവരങ്ങൾ ശേഖരിക്കുകയും, ചിലരുടെ നെറ്റ്വർക്ക് പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്. പല ഉദ്യോഗസ്ഥർക്കും സിസ്റ്റത്തിൽ പ്രവേശനം സാധ്യമാകാതെ വന്നതിനെ തുടർന്ന് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഹാക്കിങ് വെളിപ്പെട്ടത്. തുടർന്ന് ക്ഷേത്ര അധികാരികൾ പൊലീസിൽ പരാതി നൽകി.
