
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 243 പേർ മരിക്കുകയും നിരവധിപേരെ കാണാതാകുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ ബുനർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. നിരവധി വീടുകളും ഗ്രാമങ്ങളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. വെള്ളിയാഴ്ച മാത്രം 157 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. രക്ഷാപ്രവർത്തകർ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഒറ്റപ്പെട്ട കുടുംബങ്ങളിലേക്ക് എത്താൻ പരിശ്രമിച്ചു. 100-ലധികം മൃതദേഹങ്ങൾ ആംബുലൻസുകൾ ആശുപത്രികളിലേക്ക് മാറ്റി.Heavy rains in Pakistan: 243 dead
ചെളിയും മണ്ണും നിറഞ്ഞ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം അത്യന്തം ദുഷ്കരമാണെന്ന് സംസ്ഥാന ദുരന്തനിവാരണ സേന വ്യക്തമാക്കി. നിരവധി സ്ഥലങ്ങളിലേക്ക് എത്താൻ സാധിക്കാത്തതും സ്ഥിതിഗതികൾ വഷളാക്കി. മൻസെഹ്ര ജില്ലയിൽ മാത്രം രണ്ടായിരത്തോളം വിനോദസഞ്ചാരികൾ കുടുങ്ങിയിരുന്നു. മോശം കാലാവസ്ഥ മൂലം ബജൗറിൽ ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടുപോകുകയായിരുന്ന ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു.
ദുരിതബാധിതരായ കുടുംബങ്ങളെയും വിനോദസഞ്ചാരികളെയും ഒഴിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദുരന്തനിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി. ഗ്ലേഷ്യൽ തടാകങ്ങളുടെ സമീപത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പും നൽകി. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് യാത്രക്കാരെ വിട്ടുനിൽക്കണമെന്നും നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ജൂൺ 26 മുതൽ രാജ്യത്ത് മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ കുറഞ്ഞത് 556 പേർ കൊല്ലപ്പെട്ടതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.