
കൊച്ചി: സമൂഹമാധ്യമങ്ങളിൽ ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഇട്ട സംഭവത്തിൽ കോട്ടയം സ്വദേശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോട്ടയം മുരിങ്ങയിൽ സ്വദേശിയായ ആൽബിച്ചൻ എന്നയാളാണ് കേസിൽ പ്രതിയായിരിക്കുന്നത്. ഇയാൾ ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്നതായി അറിയുന്നു.Facebook post insulting India and the national flag; Case filed against Kottayam native
ആലുവ എടത്തല പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. പ്രാദേശിക ബിജെപി നേതാവായ അനൂപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപതാകയിലെ അശോകചക്രത്തിന് പകരം മോശം ഇമോജി ഉപയോഗിച്ച് ചിത്രം പോസ്റ്റ് ചെയ്തതോടൊപ്പം, ദേശീയപ്രതിജ്ഞയും രാജ്യവും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും പോസ്റ്റിൽ ഉൾപ്പെടുത്തിയതായാണ് പരാതിയിൽ ആരോപണം.
ഇന്ത്യ തന്റെ രാജ്യമല്ലെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള രാജ്യവിരുദ്ധ പരാമർശങ്ങളും ഇയാൾ നടത്തിയതായി പരാതിയിൽ പറയുന്നു. കൂടാതെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടും സമാനമായ രീതിയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇയാൾ ഇട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. കേസിന്റെ തുടർനടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.