
ഇന്റർനെറ്റ് നിയന്ത്രണം കൂടുതൽ കർശനമാക്കുന്നതിനായി ടെലിഗ്രാം, വാട്സ്ആപ്പ് പോലുള്ള മെസേജിങ് ആപ്പുകളിലെ കോളുകൾ നിയന്ത്രിക്കുന്നതായി റഷ്യ പ്രഖ്യാപിച്ചു. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ആപ്പുകളിലെ കോളുകൾ ഭാഗികമായി തടഞ്ഞിട്ടുണ്ടെന്ന് റഷ്യൻ മീഡിയയും ഇൻറർനെറ്റ് റെഗുലേറ്ററുമായ റോസ്കോംനാഡ്സർ അറിയിച്ചു.Russia bans Telegram and WhatsApp calls
കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. “നിയമനിർവഹണ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം, വിദേശ സന്ദേശവിനിമയ പ്ലാറ്റ്ഫോമുകളായ ടെലിഗ്രാമും വാട്സ്ആപ്പും വഴി റഷ്യൻ പൗരന്മാരെ കബളിപ്പിക്കാനും പണം തട്ടാനും ശ്രമങ്ങൾ നടക്കുന്നു. കൂടാതെ, അട്ടിമറി പ്രവർത്തനങ്ങളിലും തീവ്രവാദ പരിപാടികളിലും ഈ ആപ്പുകളുടെ കോളിംഗ് സേവനങ്ങൾ ഉപയോഗിക്കപ്പെടുന്നു,” റോസ്കോംനാഡ്സർ ആരോപിച്ചു.
റഷ്യയുടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ആപ്പ് ഉടമകൾ പ്രതികരിച്ചിട്ടില്ലെന്നുവും അധികൃതർ പറഞ്ഞു. ഇതിനോടകം തന്നെ രാജ്യത്ത് വാട്സ്ആപ്പും ടെലിഗ്രാമും വഴി കോളുകൾ നടത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുവെന്നാണ് സൂചന. ഉപയോക്താക്കൾ കോളുകൾ കണക്റ്റ് ചെയ്യാതിരിക്കുകയും, ബന്ധപ്പെടുമ്പോഴും ശബ്ദം കേൾക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതായി പരാതിപ്പെടുന്നു.
വിഷയത്തിൽ വാട്സ്ആപ്പോ ടെലിഗ്രാമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയിലെ മീഡിയ നിരീക്ഷണ ഏജൻസിയായ ‘മീഡിയസ്കോപ്പ്’ പ്രകാരം, 2024 ജൂലൈയിൽ വാട്സ്ആപ്പ് രാജ്യത്തെ ഏറ്റവും ജനപ്രിയ പ്ലാറ്റ്ഫോമായിരുന്നു — പ്രതിമാസം 96 ദശലക്ഷത്തിലധികം ഉപയോക്താക്കളുമായി.
ഇന്റർനെറ്റ് നിയന്ത്രണത്തിനായി റഷ്യൻ അധികാരികൾ കഴിഞ്ഞ കാലങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണ നിയമങ്ങൾ രൂപപ്പെടുത്തുകയും, അവ പാലിക്കാത്ത വെബ്സൈറ്റുകളും പ്ലാറ്റ്ഫോമുകളും നിരോധിക്കുകയും ചെയ്തു. വിപിഎൻ (VPN) സേവനങ്ങൾ ഉപയോഗിച്ച് ഈ നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയുന്നുവെങ്കിലും, പലപ്പോഴും അവയും നിരോധിക്കപ്പെടുന്നു. അടുത്തിടെ വ്യാപകമായ ഇന്റർനെറ്റ് വിച്ഛേദനയും, രാജ്യത്ത് നിയമവിരുദ്ധമാണെന്ന് കരുതുന്ന ഉള്ളടക്കം തിരയുന്ന ഉപയോക്താക്കളെ ശിക്ഷിക്കുന്ന നിയമവും നടപ്പാക്കിയിട്ടുണ്ട്.