
തിരുവനന്തപുരം: വിദ്യാഭ്യാസ രംഗത്ത് പ്രധാന മാറ്റങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. ഇനി വിദ്യാർത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്താൻ വായനയ്ക്കും ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിയുടെ പ്രധാന ലക്ഷ്യം കുട്ടികളിൽ വായനാശീലം വളർത്തലാണ്.Grace marks for reading: New project in the field of education
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പ്രകാരം, അടുത്ത അധ്യയന വർഷം മുതൽ വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകും. ഇതിന്റെ ഭാഗമായി—
- ക്ലാസ് 1 മുതൽ 4 വരെയുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ വായനാപരിപാടികളും, ക്ലാസ് 5 മുതൽ 12 വരെയുള്ളവർക്ക് പത്രവായനയും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും.
- വായനാപരിപാടികൾ നടപ്പിലാക്കുന്നതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും, മാർഗ്ഗരേഖകളും കൈപ്പുസ്തകവും തയ്യാറാക്കുകയും ചെയ്യും.
- കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു പുതിയ ഇനവും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്.
അതെ സമയം, കുട്ടികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുന്നതിനുള്ള നടപടികളും സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങളും നോട്ട് ബുക്കുകളും ഭാരം കുറച്ച് പഠനത്തെ സന്തോഷകരമായ അനുഭവമാക്കുകയാണ് ലക്ഷ്യം. വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.