
മലപ്പുറം: പെരിന്തൽമണ്ണയിൽ റോഡ് മുറിച്ചുകടന്ന പുള്ളിപ്പുലിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പട്ടിക്കാട് പാറക്കാതൊടി കാരാട്ട് വീട്ടിൽ മുഹമ്മദ് ഫിയാസ് (24) ആണ് പരിക്കേറ്റത്.Biker injured after being hit by leopard in Perinthalmanna
പൂപ്പലത്തുള്ള ഓഫീസിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ, പെരിന്തൽമണ്ണ-നിലമ്പൂർ റോഡിലെ റെയിൽവേ ഗേറ്റിനടുത്താണ് സംഭവം നടന്നത്. ആദ്യം റോഡിൽ കുറുക്കനെ കണ്ട ഫിയാസ് ബൈക്കിന്റെ വേഗം കുറച്ചെങ്കിലും, പൊന്തക്കാട്ടിൽ നിന്ന് അപ്രതീക്ഷിതമായി ചാടിയെത്തിയ പുള്ളിപ്പുലിയെ ഇടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തിൽ ബൈക്ക് മറിഞ്ഞ് ഫിയാസ് റോഡിൽ വീണു. പിന്നാലെ വന്ന കാറിലെ യാത്രികരാണ് അദ്ദേഹത്തെ രക്ഷിച്ചത്. തലക്കും കൈക്കും പരിക്കേറ്റ ഫിയാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഹനം ഭാഗികമായി തകർന്നിട്ടുണ്ട്. ഇടിയുടെ പിന്നാലെ പുള്ളിപ്പുലി അടുത്തുള്ള കാട്ടിലേക്ക് ഓടി മാറി. മണ്ണാർമല, മുള്ള്യാകുർശ്ശി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മുമ്പും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ നാട്ടുകാർ ആശങ്കയിലാണ്.