
തിരുവനന്തപുരം: പെൻഷൻ സംവിധാനത്തെ കഠിനമായി വിമർശിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ പുരോഗതിക്കായി ജീവിതകാലം മുഴുവൻ പ്രവർത്തിക്കാൻ ആളുകൾക്ക് അവസരം നൽകുകയും അതിന് യോജ്യമായ പ്രതിഫലം നൽകുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. കഴിവും ആരോഗ്യവും ഉള്ളവരെ ജോലി നിന്ന് ഒഴിവാക്കി, പെൻഷൻ എന്ന പേരിൽ ചെലവിന് മാത്രം തുക നൽകുന്ന രീതിയാണ് ഇപ്പോൾ നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പെൻഷൻ നൽകുന്ന തുകയെ ഉൽപ്പാദനക്ഷമതയില്ലാത്ത ചെലവായി അടൂർ വിശേഷിപ്പിച്ചു. പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കങ്ങളെ യുവജന സംഘടനകളാണ് ഏറ്റവും ശക്തമായി എതിർക്കുന്നതെന്നും ബിഎസ്എസിന്റെ വാർഷികാഘോഷത്തിൽ സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.Director Adoor Gopalakrishnan criticizes the pension system
അടൂരിന്റെ വാക്കുകൾ ഇങ്ങനെ:
‘വിരമിച്ച ശേഷമുള്ള കാലമത്രയും പൊതുഖജനാവിൽനിന്ന് അവർക്ക് പെൻഷൻ കൊടുക്കുന്നു. പ്രൊഡക്ടീവ് അല്ലാത്ത ചെലവ്. കൃത്യമായി പലതും ചെയ്യാൻ കഴിവുള്ള ആളുകളെ വെറുതെ ഇരുത്തിയിട്ട് അവർക്ക് ചെലവിന് കൊടുക്കുന്നു എന്ന സിസ്റ്റമാണ് നിലവിലിരിക്കുന്നത്. അതിന് കാരണം പറയുന്നത് യുവാക്കൾക്ക് ജോലി കിട്ടാൻ ആണെന്നാണ്. നിശ്ചിത എണ്ണം ജോലികളേയുള്ളൂ. ഒരാളെ പുറത്തേക്ക് എടുത്തിട്ട് വേണം അകത്തേക്ക് ഒരാളെ കൊണ്ടുവരാൻ. ഇത് വളരേ വളരേ തെറ്റായ പ്രവണതയാണ്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെ യുവാക്കളാണ് ഏറ്റവും എതിർക്കുന്നത്. യുവാക്കൾ എന്ന് പറയുന്നത് ശരിയല്ല, സംഘടനകളാണ്. ഞാനിത് പറഞ്ഞാൽ യുവജനസംഘടനകൾ എല്ലാം നാളെ എനിക്കെതിരായി പ്രതിരോധം തുടങ്ങും. എന്റെ വീടിന് മുന്നിൽ കോലം കത്തിക്കും. ഇതൊക്കെ സംഭവിക്കാവുന്നതാണ്. എങ്കിലും, ഉള്ളതുപറഞ്ഞേ മതിയാവൂ’, അടൂർ പറഞ്ഞു.
‘എനിക്ക് വയസ്സ് 86 ആയി. 86 വയസ്സുള്ള ഒരാളാണ് പറയുന്നത്. എന്റെ അനുഭവത്തിൽനിന്ന് പറയുകയാണ്. ജീവിതകാലം മുഴുവൻ ഒരാളെ സമൂഹത്തിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാൻ അനുവദിക്കണം. അതിനുള്ള പ്രതിഫലം കൊടുക്കുകയും വേണം. റിട്ടയർമെന്റ് ആവശ്യമുള്ളവർക്ക് ഏതുസമയത്തും കൊടുക്കാം. 86 വയസ്സുള്ള ഞാൻ ഇപ്പോഴും കുറഞ്ഞത് 12 മണിക്കൂറെങ്കിലും ദിവസവും ജോലി ചെയ്യുന്നുണ്ട്. പ്രൊഡക്ടീവായ ജോലി തന്നെയാണ് ചെയ്യുന്നത്. പ്രായം നമുക്കൊരു പ്രശ്നമല്ല, മനസാണ് പ്രശ്നം’, അദ്ദേഹം കൂട്ടിച്ചേർത്തു