
ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തെ തുടർന്നു, ലോക്സഭാ സ്പീക്കർ ഇംപീച്ച്മെന്റ് നടപടികൾക്ക് തുടക്കം കുറിച്ച് മൂന്നംഗ അന്വേഷണ സമിതി രൂപീകരിച്ചു. സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സമിതിയിൽ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയും, കർണാടകയിലെ പ്രമുഖ നിയമ വിദഗ്ധൻ ബി.വി. ആചാര്യയും അംഗങ്ങളാണ്.Impeachment inquiry against Justice Verma
ഈ സമിതി ജസ്റ്റിസ് വർമയ്ക്കെതിരായ ആരോപണങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റ് ഇംപീച്ച്മെന്റ് നടപടികളിൽ മുന്നോട്ട് പോകുക.
മുമ്പ്, ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും, ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി. അന്വേഷണം ഭരണഘടനാ വിരുദ്ധമല്ലെന്നും, നിയമാനുസൃത നടപടിക്രമങ്ങൾ പാലിച്ചാണെന്നും, അന്വേഷണത്തിനിടെ ജസ്റ്റിസ് വർമയുടെ വാദം കേട്ടിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കൈമാറിയതും ഭരണഘടനാ ലംഘനം അല്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി ബന്ധപ്പെട്ട ചില ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിട്ടത് ശരിയായില്ലെന്ന് കോടതി നിരീക്ഷിച്ചെങ്കിലും അന്നേ സമയം ജസ്റ്റിസ് വർമ പരാതിപ്പെടാത്തതിനാൽ നടപടിയെടുക്കാനാകില്ലെന്നും, ഭാവിയിൽ പരാതി ഉണ്ടെങ്കിൽ നിയമപരമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കൂടാതെ, ജസ്റ്റിസ് വർമയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന അഭിഭാഷകൻ മാത്യൂസ് നെടുംമ്പാറയുടെ ഹർജിയും കോടതി തള്ളി.