
മലപ്പുറം: മലപ്പുറത്ത് പവർബാങ്ക് പൊട്ടിത്തെറിച്ച് വീട് കത്തിനശിച്ചതെന്ന പ്രാഥമിക വിവരം വലിയ വഴിത്തിരിവിലേക്ക്. അന്വേഷണത്തിൽ, കത്തിനശിച്ചത് വീട് അല്ലെന്നും അവിടെ സൂക്ഷിച്ചിരുന്ന അനധികൃത പടക്കശേഖരമാണ് പൊട്ടിത്തെറിച്ചതെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ മുക്കിലപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.Homeowner arrested in Malappuram firecracker store explosion
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സ്ഫോടനം ഉണ്ടായത്. ആദ്യം, പവർബാങ്ക് ചാർജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വീട്ടുടമ പറഞ്ഞിരുന്നു. എന്നാൽ തുടര്‍ അന്വേഷണത്തിൽ, വൻ തോതിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങളാണ് തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമെന്നത് വ്യക്തമായി.
തീപിടിത്തം നടന്നപ്പോൾ കെട്ടിടത്തിൽ ആരുമില്ലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. തീ പടർന്നത് കണ്ട നാട്ടുകാർ സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണക്കാൻ ശ്രമിച്ചു. തുടർന്ന് തിരൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി. അവർ എത്തിയപ്പോഴേക്കും തീ നിയന്ത്രണവിധേയമായിരുന്നു.
സംഭവത്തിൽ വീട്ടുപകരണങ്ങൾ, കുട്ടികളുടെ പുസ്തകങ്ങൾ, അലമാരയിലെ രേഖകൾ, വസ്ത്രങ്ങൾ തുടങ്ങി എല്ലാം പൂർണമായി കത്തിനശിച്ചു. ഓലമേഞ്ഞ മേൽക്കൂരയും അതിന് മുകളിൽ വിരിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റും തീയിൽ പൂർണമായി കത്തിനശിച്ചു.