
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ റാപ്പർ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് നടപടി. വിമാനത്താവളം അടക്കമുള്ള യാത്രാമാർഗങ്ങളിൽ വേടനെ കണ്ടെത്തിയാൽ കസ്റ്റഡിയിൽ എടുക്കാനാകും.Lookout notice issued against rapper Vedan
യുവതിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് വേടൻ ഒളിവിൽ പോയതിനെ തുടർന്ന്, കഴിഞ്ഞ ദിവസം കൊച്ചി ബോൾഗാട്ടി പാലസിൽ നടന്നേക്കാനിരുന്ന ‘ഓളം ലൈവ്’ സംഗീതപരിപാടി മാറ്റിവച്ചു. കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണം തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ, ഇൻഫോപാർക്ക് എസ്എച്ച്ഒയുടെ ചുമതലയിലാണ് നടക്കുന്നത്.
പരാതി ലഭിച്ച ഉടൻ തന്നെ യുവതി വേടനുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. 2021 ഓഗസ്റ്റ് 1 മുതൽ 2023 മാർച്ച് 31 വരെ വിവാഹവാഗ്ദാനം നൽകി പല തവണയും പീഡിപ്പിച്ചെന്നും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ ബലാത്സംഗം നടത്തിയെന്നുമാണ് യുവതിയുടെ ആരോപണം. 2023 ജൂലൈ മുതൽ ബന്ധം അവസാനിപ്പിച്ച വേടൻ ഫോൺ വിളികൾക്കും പ്രതികരിച്ചില്ലെന്നും, ഇതോടെ താൻ മാനസികമായി തകർന്നു ഡിപ്രഷനിലേക്കായെന്നും യുവതി മൊഴി നൽകി. ബാങ്ക് രേഖകളും തെളിവായി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, ബന്ധം ഇരുവരുടെയും സമ്മതത്തോടെയായിരുന്നുവെന്നും ഇപ്പോൾ തെറ്റായ ആരോപണം ഉന്നയിക്കുന്നുവെന്നുമാണ് വേടൻ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. തനിക്കും മാനേജർക്കും ഭീഷണിസന്ദേശങ്ങൾ ലഭിച്ചതായും, അന്വേഷണം നേരിടാൻ തയ്യാറാണെന്നും, കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ പറഞ്ഞു. കേസിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കും.