
തിരുവനന്തപുരം: സംവിധായകന് അടൂര് ഗോപാലകൃഷ്ണന്റെ വിവാദ പരാമർശത്തെ തുടർന്ന് പൊലീസ് പ്രാഥമിക പരിശോധന ആരംഭിച്ചു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി അടൂർ ഗോപാലകൃഷ്ണന്റെയും പരാതിക്കാരന്റെയും മൊഴി രേഖപ്പെടുത്തും. കോൺക്ലേവിൽ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിനിധികളുടേയും മൊഴി ശേഖരിക്കാൻ തിരുവനന്തപുരം മ്യൂസിയം പൊലീസ് ചുമതലയേറ്റിട്ടുണ്ട്.Adoor’s controversial remarks: Police say no need to file a case
സ്ത്രീകളെ അധിക്ഷേപിക്കുകയും ജാതിപരമായ പരാമർശം നടത്തുകയും ചെയ്തുവെന്നാണ് സാമൂഹിക പ്രവർത്തകൻ ദിനു വെയിൽ നൽകിയ പരാതി. ഡിജിപിക്കും മുഖ്യമന്ത്രിക്കും കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സർക്കാർ സംഘടിപ്പിച്ച സിനിമ കോൺക്ലേവിലാണ് അടൂർ ഗോപാലകൃഷ്ണൻ വിവാദ പരാമർശം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
എന്നാൽ, കേസെടുക്കേണ്ടതില്ലെന്ന നിലപാടാണ് പൊലീസ് നിയമോപദേശം സ്വീകരിച്ച ശേഷം എടുത്തത്. ജാതി അടിസ്ഥാനമോ വ്യക്തിപരമായോ അധിക്ഷേപമില്ലെന്നും, കോൺക്ലേവിൽ ഒരു നിർദ്ദേശം മുന്നോട്ടുവച്ചതിനെ മാത്രം കുറ്റമായി കാണാനാവില്ലെന്നും, ഏതെങ്കിലും ആനുകൂല്യം നിഷേധിക്കാനോ പ്രത്യേക വിഭാഗങ്ങളെ അവഗണിക്കാനോ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശം വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം നടന്ന ഫിലിം കോൺക്ലേവിന്റെ സമാപന ചടങ്ങിലാണ് അടൂർ ഗോപാലകൃഷ്ണൻ, പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ സിനിമ ചെയ്യാൻ മുന്നോട്ടുവരുമ്പോൾ പരിശീലനം നൽകണമെന്ന് അഭിപ്രായപ്പെട്ടത്. സർക്കാർ ഫണ്ടിൽ സിനിമ നിർമിക്കാൻ ഇറങ്ങുന്നവർക്ക് മൂന്ന് മാസത്തെ ഇൻറ്റൻസീവ് ട്രെയിനിംഗ് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അടൂരിന്റെ പരാമർശത്തിന് പിന്തുണയുമായി എം. മുകേഷ് എംഎൽഎയും രംഗത്തെത്തി. നല്ല ഉദ്ദേശത്തോടെയാണ് അടൂർ പറഞ്ഞതെന്നും, ഗുരുക്കന്മാർ പറഞ്ഞ് കൊടുക്കുന്നതിൽ തെറ്റില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ സംവിധാനം ഉൾപ്പെടെ സ്ത്രീകൾക്ക് പരിശീലനം നൽകുന്നത് ഗുണകരമാകും എന്നും, സിനിമയെ കുറിച്ച് അറിവില്ലാത്തവർക്ക് ക്ലാസ് നൽകിയാൽ കൂടുതൽ നന്നാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപ്പക്കാർ സിനിമയിലേക്ക് കടന്നുവരണമെന്നതാണ് അടൂരിന്റെ ലക്ഷ്യമെന്നും, അതിനെ വ്യത്യസ്തമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മുകേഷ് വ്യക്തമാക്കി.