
കൊച്ചി: താരസംഘടനയായ ‘അമ്മ’യിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കുന്നത് വിലക്കാനാണ് സംഘടന തീരുമാനിച്ചത്. ഈ വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരികൾ അറിയിച്ചു. തെരഞ്ഞെടുപ്പിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെയാണ് സംഘടനയുടെ നിർദ്ദേശം പുറപ്പെടുവിച്ചത്.Media ban on Amma: Warning to celebrities
അതേസമയം, സംഘടനയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് ചർച്ചകൾ ചൂടുപിടിക്കുന്ന സാഹചര്യത്തിലാണ് ശ്വേത മേനോനെതിരായ കേസുമായി ബന്ധപ്പെട്ട വിവാദം വീണ്ടും തല പൊക്കിയത്. നടൻ ബാബുരാജിനെതിരെ നടി മാല പാർവതി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി നടി പൊന്നമ്മ ബാബു രംഗത്തെത്തി.
ബാബുരാജ് ആരുടെയെങ്കിലും കൈയിൽ നിന്ന് പണം വാങ്ങി പ്രവർത്തിക്കുന്നയാളല്ലെന്നും, ‘നെറികെട്ട കളികൾ’ക്ക് കൂട്ടുനിൽക്കുന്ന വ്യക്തിയുമല്ലെന്നും പൊന്നമ്മ വ്യക്തമാക്കി. “മാല പാർവതി ആരുടെയോ പണം വാങ്ങിയാണ് രംഗത്തെത്തിയത്. മാധ്യമ ശ്രദ്ധ നേടാനാണ് അവർ ശ്രമിക്കുന്നത്. ‘അമ്മ’യെ അപകീർത്തിപ്പെടുത്താനാണ് ഇവരുടെ നീക്കം,” എന്നും പൊന്നമ്മ ആരോപിച്ചു. തെളിവുണ്ടെങ്കിൽ നിയമപരമായി നടപടി സ്വീകരിക്കാമെന്നും അവര്‍ കൂട്ടിച്ചേർത്തു.
പൊന്നമ്മയുടെ ആരോപണങ്ങളെ പൂര്‍ണമായും തള്ളി മാല പാർവതിയും പ്രതികരിച്ചു. “എനിക്ക് മാധ്യമശ്രദ്ധയുടെ ആവശ്യമില്ല. 1995 മുതൽ ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കുന്നവളാണ് ഞാൻ. പണം വാങ്ങി സംസാരിക്കുന്ന ഗതികേട് എനിക്കില്ലെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം. പണം എന്റെ അജണ്ടയിൽ ഇല്ല. ഞാൻ വന്ന പശ്ചാത്തലവും സിനിമയിൽ എത്തിച്ചേർന്ന സാഹചര്യവും എല്ലാവർക്കും അറിയാം,” എന്നും അവർ പറഞ്ഞു. ആരുടെയും പക്ഷത്ത് നിൽക്കുന്നില്ലെന്നും, ‘അമ്മ’യിലെ സൈലന്റ് അംഗമാണെന്നും മാല പാർവതി വ്യക്തമാക്കി.