
ബെംഗളൂരു: കർണാടകയ്ക്ക് പതിനൊന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഇനി സർവീസിലേക്ക്. വരുന്ന ഞായറാഴ്ചയാണ് പുതിയ വന്ദേഭാരത് സർവീസിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദി ബെംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്ത് ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ബെംഗളൂരു–ബെളഗാവി റൂട്ടിലാണ് പുതിയ ട്രെയിൻ ഓടുക.Modi to flag off Karnataka’s 11th Vande Bharat on Sunday
ഉദ്ഘാടനത്തിന് പിന്നാലെ, തിങ്കളാഴ്ച മുതലാണ് ട്രെയിൻ സാധാരണ സർവീസ് ആരംഭിക്കുന്നത്. ബുധനാഴ്ച ഒഴികെ ആഴ്ചയിലെ ആറു ദിവസവും ട്രെയിൻ ഓടും. രാവിലെ 5.20-ന് ബെളഗാവിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50-ന് ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ എത്തും. മടക്കയാത്ര ഉച്ചയ്ക്ക് 2.20-ന് ബെംഗളൂരുവിൽ നിന്ന് ആരംഭിച്ച് രാത്രി 10.40-ന് ബെളഗാവിയിലെത്തും.
610.6 കിലോമീറ്റർ ദൂരം ട്രെയിൻ എട്ടര മണിക്കൂറിൽ പിന്നിടും. സാധാരണ സർവീസുകളേക്കാൾ ഏകദേശം ഒരു മണിക്കൂർ വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുക എന്നതാണ് പ്രത്യേകത. ധാർവാഡ്, ഹുബ്ബള്ളി, ഹാവേരി, ദാവണഗരെ, തുമകൂരു, യശ്വന്ത്പുർ എന്നീ സ്റ്റേഷനുകളിലാണ് ഇടവേള.
ഇപ്പോൾ സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ള മറ്റ് 10 വന്ദേഭാരത് സർവീസുകളിൽ അഞ്ച് ബെംഗളൂരുവിൽ നിന്ന് ധാർവാഡ്, കലബുറഗി, ഹൈദരാബാദ്, കോയമ്പത്തൂർ, മധുര എന്നീ റൂട്ടുകളിലും, രണ്ട് മൈസൂരു–ചെന്നൈ റൂട്ടിലും, രണ്ട് മംഗളൂരു–തിരുവനന്തപുരം, മഡ്ഗാവ് റൂട്ടുകളിലും, ഒന്ന് ഹുബ്ബള്ളി–പുനെ റൂട്ടിലുമാണ് ഓടുന്നത്.