
കാളികാവ്: സ്വന്തം ഉടമസ്ഥതയിലുള്ള തോട്ടമാണെന്ന് നടിച്ച് പാട്ടത്തിന് നൽകി പണം തട്ടിയ കേസിൽ രണ്ട് പേർ പോലീസ് പിടിയിൽ. വണ്ടൂർ നരിമടക്കൽ കരുമാരോട്ട് മുഹമ്മദ് അഷ്റഫ് (55), പന്തപ്പള്ളി ചെരങ്ങാട്ടുപൊയിൽ ചെറുകാട് മുനവർ ഫൈറൂസ് (35) എന്നിവരാണ് അറസ്റ്റിലായത്. പൂങ്ങോട് സ്വദേശിയിൽ നിന്ന് രണ്ട് ലക്ഷം രൂപയാണ് ഇവർ തട്ടിയത്.Kalikavu plantation lease scam: Two arrested
മമ്പാട് പുള്ളിപ്പാടിലെ അഞ്ചു ഏക്കർ കവുങ്ങിൻതോട്ടം കാട്ടിക്കൊണ്ടാണ് തട്ടിപ്പ് നടന്നത്. രണ്ടാമൻ ആയ മുനവർ ഫൈറൂസ് പരാതിക്കാരനെ ഒന്നാമൻ മുഹമ്മദ് അഷ്റഫിനോട് പരിചയപ്പെടുത്തി. വിവിധ സ്ഥലങ്ങളിൽ തോട്ടങ്ങൾ സ്വന്തമാണെന്ന് പറഞ്ഞ മുഹമ്മദ് അഷ്റഫ്, ഒരു വർഷത്തേക്ക് വിളവ് എടുക്കാനായി പുള്ളിപ്പാടത്തെ കവുങ്ങിൻതോട്ടം രണ്ട് ലക്ഷം രൂപ പാട്ടത്തിന് നിശ്ചയിച്ചു.
പാട്ടത്തുക കൈമാറിയ ശേഷം വിളവെടുപ്പിനായി എത്തിയപ്പോഴാണ് പരാതിക്കാരന് വഞ്ചന മനസ്സിലായത്. യഥാർത്ഥ തോട്ടമുടമ, ഭൂമി ആര്ക്കും കൈമാറിയിട്ടില്ലെന്ന് പറഞ്ഞ് വിളവെടുപ്പ് തടഞ്ഞു. തുടർന്ന് പൂങ്ങോട് സ്വദേശി പോലീസിൽ പരാതി നൽകി.
അന്വേഷണത്തിൽ പ്രതികൾ നൽകിയ മേൽവിലാസം വ്യാജമാണെന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുഹമ്മദ് അഷ്റഫിനെ ഐക്കരപ്പടിയിലെ വാടകവീട്ടിലും മുനവർ ഫൈറൂസിനെ വീട്ടിലും നിന്ന് പോലീസ് പിടികൂടി. മുഹമ്മദ് അഷ്റഫ് മുൻകാലത്തും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. തട്ടിപ്പിലൂടെ സമ്പാദിച്ച പണം മറ്റ് പ്രദേശങ്ങളിൽ വാടകവീട് എടുത്ത് ആഡംബര ജീവിതത്തിന് വിനിയോഗിക്കുന്നതാണ് ഇവരുടെ പതിവ് എന്നു പോലീസിന്റെ വിശദീകരണം.