
ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനത്തിന് ഇരയായ നാലാം ക്ലാസുകാരിക്ക് വീണ്ടും ആക്രമണശ്രമം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടിൽ എത്തിയപ്പോൾ, കുട്ടിയും പിതാവിന്റെ മാതാവും സമീപവീട്ടിലുണ്ടായിരുന്നു. ഈ സമയത്താണ് ഇയാൾ കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചത്.Another attempt to attack a fourth-grade girl in Alappuzha
നൂറനാട് പോലീസ് ഇരുവരുടെയും പേരിൽ കേസ് എടുത്തിട്ടുണ്ടെങ്കിലും, ഇതുവരെ അറസ്റ്റ് നടത്താനായിട്ടില്ല. ഇവർ ഇപ്പോഴും ഒളിവിലാണ്.
കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യ ഷെബീനയും ചേർന്നാണ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സ്കൂളിലെത്തിയ കുട്ടിയുടെ മുഖത്തും ശരീരത്തും ഉണ്ടായിരുന്ന ചുവന്ന പാടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അധ്യാപകർ കാര്യം അന്വേഷിച്ചു. അപ്പോൾ, തനിക്കെതിരെ പിതാവും രണ്ടാനമ്മയും നിരന്തരം ക്രൂരത കാണിക്കുന്നുവെന്ന് കുട്ടി തുറന്ന് പറഞ്ഞു.
സ്കൂളിലെ നോട്ട് ബുക്കിൽ കുട്ടി രേഖപ്പെടുത്തിയ അനുഭവക്കുറിപ്പിലും സംഭവങ്ങളുടെ വിവരങ്ങൾ ഉണ്ട്. ചെറിയ കാര്യങ്ങൾക്കുപോലും രണ്ടാനമ്മ മർദിക്കുന്നുവെന്നും, അനിയനുമായി വഴക്കുണ്ടായപ്പോൾ അമ്മ വായയ്ക്ക് അടിച്ചതായും, “വാപ്പിയും ഉമ്മിയും എന്നോട് ക്രൂരതയാണ് കാണിക്കുന്നത്” എന്നും കുട്ടി എഴുതിയിട്ടുണ്ട്. വീട് വെച്ചിട്ട് രണ്ട് മാസം മാത്രമേ ആയിട്ടുള്ളുവെന്നും, ഇതിനകം തന്നെ പേടിപ്പിക്കുകയും വിരട്ടുകയും ചെയ്തുവെന്നും അവൾ കുറിച്ചു. വീട്ടിലെ ബാത്റൂം, സെറ്റി, ഫ്രിഡ്ജ് എന്നിവ ഉപയോഗിക്കാൻ രണ്ടാനമ്മ വിലക്കിയിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
അധ്യാപകരുടെ വിവരമറിയിപ്പിനെ തുടർന്ന്, നൂറനാട് പോലീസ് അൻസറിനെയും ഷെബീനയെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ, അവളുടെ ഇഷ്ടപ്രകാരം, പിതാവിന്റെ മാതാവിന്റെ വീട്ടിലേക്ക് മാറ്റി. ഇപ്പോൾ കുഞ്ഞ് ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിലാണ്. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പോലീസ് പിടികൂടാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നു.