
തൃശൂർ: കോർപ്പറേഷനിലെ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനത്തെ തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സജീവമായ എൽഡിഎഫ് നേതൃത്വത്തിനകത്ത് തർക്കം രൂക്ഷമാകുന്നു. മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ്, എൽഡിഎഫ് ഡെപ്യൂട്ടി മേയർ എം.എൽ. റോസി നേരത്തെ ഉദ്ഘാടനം ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.Road inauguration in Thrissur: Dispute within LDF leadership
ആദ്യം ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചടങ്ങ് സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലിലൂടെ 12ാം തീയതിയിലേക്ക് മാറ്റുകയും, മന്ത്രിയെ ഉദ്ഘാടനം ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഈ തീരുമാനങ്ങളെ അവഗണിച്ച് ഡെപ്യൂട്ടി മേയർ റോസി സ്വന്തം നേതൃത്വത്തിൽ ഉദ്ഘാടന ചടങ്ങ് നടത്തി. കൗൺസിൽ അംഗങ്ങൾ ഉൾപ്പെടെ കോൺഗ്രസ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
സംഭവത്തെക്കുറിച്ച് പ്രതികരിച്ച ഡെപ്യൂട്ടി മേയർ എം.എൽ. റോസി, വാർഡ് കൗൺസിലർമാരുടെ ക്ഷണം കിട്ടിയതിനാലാണ് ചടങ്ങിൽ പങ്കെടുത്തതെന്നും, മന്ത്രിയാണെന്ന് അവർക്കറിയില്ലായിരുന്നെന്നും പറഞ്ഞു. കോർപ്പറേഷനിൽ കൂട്ടായ ചർച്ചകൾ നടക്കാത്തത് പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു എന്നും, മേയറുടെ ഏകപക്ഷീയ നിലപാടാണ് ഇപ്പോൾ നടക്കുന്നതെന്നും റോസി കുറ്റപ്പെടുത്തി.
ഏറെക്കാലമായി നഷ്ടമായിരുന്ന അരിസ്റ്റോ റോഡ് നവീകരിക്കാൻ ഏകദേശം ഒന്നര കോടി രൂപ ചെലവഴിച്ചതായും, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മേയറുമായി മുൻകൂട്ടി ആലോചിച്ചുവെന്നും, തുടർന്ന് മന്ത്രിയെ മുഖ്യാതിഥിയാക്കാൻ തീരുമാനിച്ചുവെന്ന വിവരമാണ് നൽകിയതെന്നുമാണ് പ്രതിപക്ഷ നേതാവും മുൻ മേയറുമായ രാജൻ പല്ലന്റെ വാദം. മേയറെ അവഗണിക്കുന്ന പ്രവണതയിൽ പ്രതിഷേധിച്ചാണ് റോസിയെ മുഖ്യാതിഥിയാക്കി ചടങ്ങ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മേയർ ഓഫീസ് ഇപ്പോൾ സിപിഐഎം താൽക്കാലിക ജീവനക്കാർ നിയന്ത്രിക്കുന്നതാണ് എന്നും ഇത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.