
കൊച്ചി: എംഎല്‍സി എല്‍സ കപ്പല്‍ അപകടത്തില്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി. അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാവില്ലെന്ന് കപ്പല്‍ കമ്പനി വ്യക്തമാക്കി.MLC ship accident: Company says it cannot pay compensation
9,531 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യം അംഗീകരിക്കാനാവില്ല എന്നും, ഒരേ ഒരു രൂപ പോലും നൽകാനാകില്ലെന്നും കമ്പനി നിലപാട് വ്യക്തമാക്കി. അപകടത്തിൽ പ്രകൃതിക്ക് വലിയ നാശം സംഭവിച്ചിട്ടില്ലെന്നും, സർക്കാർ സമർപ്പിച്ച കണക്കുകൾ അതിശയോക്തിയാണെന്നും കമ്പനി വാദിച്ചു.
എംഎല്‍സി എല്‍സ 3 കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ലെന്നും കേരളം സമര്‍പ്പിച്ചത് അതിശയോക്തി കലര്‍ത്തിയ കണക്കാണെന്നും കപ്പല്‍ കമ്പനി ഹൈകോടതിയില്‍ വാദിച്ചു. കപ്പലപകടത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമാണ് അടിഞ്ഞതെന്നും അത് കമ്പനി തന്നെ നീക്കം ചെയ്തു എന്നും മെഡിറ്ററേനിയന്‍ കപ്പല്‍ കമ്പനി കോടതിയോട് വ്യക്തമാക്കി.
87 പേജുകളുള്ള സത്യവാങ്മൂലത്തിലാണ് കമ്പനിയുടെ വിശദീകരണങ്ങൾ. സംസ്ഥാന സർക്കാരിന് പരിസ്ഥിതി ദോഷങ്ങളുടെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ നിയമപരമായി അധികാരമില്ലെന്നും അതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്നും കമ്പനി ഹൈക്കോടതിയിൽ വ്യക്തമാക്കി.