കൊച്ചി: കേരളത്തിലെ പുതുതലമുറ സംരംഭകരെ പിന്തുണയ്ക്കാനുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് നടൻ നിവിൻ പോളി. കേരള ഇൻനൊവേഷൻ ഫെസ്റ്റിവൽ 2025-ന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ ഹാക്ക്ജെൻ എഐ ഹാക്കത്തോണിന്റെ വിജയികൾക്ക് നിവിൻ സമ്മാനങ്ങൾ വിതരണം ചെയ്തു.Nivin Pauly expresses desire to support next generation startups
ഹാക്ക്ജെൻ എഐ എന്ന ദേശീയ ഹാക്കത്തോണിന്റെ വൻവിജയത്തിന് ശേഷം സ്റ്റാർട്ടപ്പുകളെ കൂടുതൽ പിന്തുണയ്ക്കാൻ താൽപ്പര്യമുണ്ടെന്ന് നിവിൻ വ്യക്തമാക്കി. “ഹാക്കത്തോൺ ഒരു കൂട്ടായ വിജയം ആയിരുന്നു. അതിന് ചുക്കാനുപിടിച്ച കേരള സ്റ്റാർട്ടപ്പ് മിഷനും കേരള ഐടി വകുപ്പിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു,” എന്നാണ് നിവിന്റെ പ്രതികരണം.
സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതിലും നവ ആശയങ്ങൾ വളരാനുള്ള ഒരു സംസ്കാരം വികസിപ്പിക്കുന്നതിലും തന്റെ വ്യക്തിപരമായ താൽപര്യം അദ്ദേഹം തുറന്നുപറഞ്ഞു. “പൊതുവേ നമുക്ക് നല്ല മാർക്കുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കാനുള്ള സമീപനം ഉണ്ട്. അതെ, അത് പ്രധാനമാണ്. എന്നാൽ, ഏറ്റവും മികച്ച ആശയങ്ങളുള്ള വിദ്യാർത്ഥികൾക്കായും പിന്തുണ വേണം. അവർക്കായി ഒരു ഇടം ഉണ്ടാകേണ്ടതുണ്ട്,” നിവിൻ ചൂണ്ടിക്കാട്ടി.
തന്റെ കരിയറിന്റെ തുടക്കത്തിൽ ഇൻഫോസിസിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്തിരുന്ന അനുഭവം ഓർമ്മിച്ച നിവിൻ, അപ്പോൾ കമ്പനിയുടെ സിഇഒ ആയിരുന്ന ശ്രീ. ക്രിസ് ഗോപാലകൃഷ്ണനോടൊപ്പം ഇതാദ്യമായാണ് വേദി പങ്കിടുന്നത് എന്നതിൽ സന്തോഷം രേഖപ്പെടുത്തി. അവരുടെ സംവാദത്തിൽ ഗോപാലകൃഷ്ണൻ പങ്കുവെച്ച ഉപദേശങ്ങളും ഭാവിയിലേക്കുള്ള പിന്തുണയുടെ വാഗ്ദാനവും അദ്ദേഹം സ്നേഹപൂർവ്വം ഓർത്തു.
