തിരുവനന്തപുരം: കെപിസിസിയിലും ഡിസിസിയിലും പുനഃസംഘടന ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിവിധ നേതാക്കളുമായി ആശയവിനിമയം തുടരുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും അടുത്തിടെയാണ് നേതാക്കളുമായി ചർച്ചകൾ നടത്തിയത്. ഈ ചര്ച്ചയില് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വർക്കിങ് പ്രസിഡന്റ് കെ പി അനിൽകുമാർ, രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുത്തു.KPCC-DCC reorganization in final stages
ഡിസിസി തലത്തിൽ പ്രധാനമായ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ഒൻപത് ജില്ലാ പ്രസിഡന്റുമാരെ മാറ്റാനാണ് സാധ്യത. പ്രവർത്തന മികവ് പുലർത്തിയവരെ മാറ്റേണ്ടതില്ലെന്ന് തീരുമാനമുണ്ടായതിനാൽ അഞ്ച് ഡിസിസി പ്രസിഡൻ്റുമാർ തുടരും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിൽ പ്രസിഡന്റുമാരിൽ മാറ്റം പ്രതീക്ഷിക്കാനില്ല.
കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പ്രവീൺകുമാറിന് ബ്ലോക്ക് തലത്തിലെ സജീവ പ്രവർത്തനം, ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണം തുടങ്ങിയവ ഗുണമായി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പക്വതയോടെ ഇടപെട്ടതിലൂടെ മലപ്പുറം ജില്ലാ അധ്യക്ഷൻ വി എസ് ജോയ് വ്യക്തമായ പേര് നേടി. സമരങ്ങളിലെ സജീവ പങ്കാളിത്തം മൂലം യുവനേതാവെന്ന പ്രതിച്ഛായയുള്ള എറണാകുളം ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെയും മാറ്റില്ല. തൃശ്ശൂരിൽ പുതിയ അധ്യക്ഷൻ ചുമതലയേറ്റെടുത്ത് അധികമായി കാലം കഴിഞ്ഞിട്ടില്ലാത്തതിനാൽ അവിടെയും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല.
കെപിസിസിയിലും വലിയ അഴിച്ചുപണി ഉണ്ടാകില്ല. നിലവിലുള്ള ഭൂരിഭാഗം ഭാരവാഹികളെ നിലനിർത്താനാണ് പാർട്ടി തീരുമാനം. പരമാവധി 85 ഭാരവാഹികളെ ഉൾപ്പെടുത്തുന്ന രീതിയിലാണ് പുനഃസംഘടനയ്ക്കുള്ള ആലോചന. കൂടാതെ അഞ്ച് വൈസ് പ്രസിഡന്റുമാരെ കൂടി നിയമിക്കുന്നതിലും നീക്കം തുടരുകയാണ്. സംസ്ഥാനത്തിലെ എംപിമാരുടെ അഭിപ്രായങ്ങളും ഉൾപ്പെടുത്തി അന്തിമരൂപം നൽകാനാണ് ശ്രമം. ആഗസ്റ്റ് ആദ്യവാരത്തോടെ പുനഃസംഘടന പൂർത്തിയാക്കാനാണ് കോണ്ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം.
