ഇ-കൊമേഴ്സ് രംഗത്ത് വലിയ മാറ്റത്തിനൊരുങ്ങുകയാണ് ബിഗ് ബാസ്ക്കറ്റ്. പലചരക്ക് സാധനങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്ക് പര്യായമായിരുന്ന ഈ പ്ലാറ്റ്ഫോം ഇനി ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയും വേഗത്തിൽ ഉപഭോക്താക്കളിലെത്തിക്കാനാണ് പദ്ധതിയിടുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവ പോലുള്ള മൾട്ടി-കാറ്റഗറി പ്ലാറ്റ്ഫോമുകളുമായി മത്സരിക്കാൻ ബിഗ് ബാസ്ക്കറ്റും ഒരുങ്ങുകയാണ്.Big Basket is now a single platform for everything
മൾട്ടി-കാറ്റഗറി ക്വിക്ക് കൊമേഴ്സിന് (MC/QC) വഴിയൊരുക്കിയാണ് ഈ പുതുമയുള്ള നീക്കം. വിവിധ തരം ഉത്പന്നങ്ങൾ അതിവേഗത്തിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കലാണ് പ്രധാന ലക്ഷ്യം — ഭക്ഷണവും പലചരക്കുകളും കൂടാതെ മരുന്നുകൾ, ഫാഷൻ ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.
ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ക്രോമ, ടൈറ്റൻ, 1mg, Qmin തുടങ്ങിയ ബ്രാൻഡുകൾ ഈ പുതിയ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് വളരെ വേഗത്തിൽ ലഭ്യമാക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇതിനായി ബിഗ് ബാസ്ക്കറ്റിന്റെ നിലവിലുള്ള ഡാർക്ക് സ്റ്റോറുകളും വെയർഹൗസുകളും പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്, അതുവഴി ഡെലിവറി സമയം കുറക്കാൻ സാധിക്കും.
“ഞങ്ങൾക്ക് ടാറ്റ ഗ്രൂപ്പുമായി നേരിട്ടുള്ള ബന്ധമുണ്ട്. അതുകൊണ്ടാണ് ക്രോമ പോലുള്ള ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അതിവേഗം എത്തിക്കാൻ കഴിയുന്നത്,” എന്ന് ബിഗ് ബാസ്ക്കറ്റ് സിഇഒ ഹരി മേനോൻ പറഞ്ഞതായി മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു.
