മുംബൈ: ഐപിഎൽ 2025 ജേഴ്സികളുമായി ബന്ധപ്പെട്ട മോഷണമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോർ റൂമിൽ ജൂൺ 13ന് നടന്ന മോഷണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനാണ് പ്രതിയായി പിടിയിലായത്.Security guard arrested for stealing IPL jerseys
ഏകദേശം ₹6.52 ലക്ഷം വിലവരുന്ന 261 ജേഴ്സികളാണ് സ്റ്റോർ റൂമിൽ നിന്ന് മോഷ്ടിച്ചത്. ഓരോ ജേഴ്സിക്കും ശരാശരി ₹2,500 രൂപ വിലവരുമെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കൃത്യത്തിന് പിന്നിൽ സ്റ്റേഡിയത്തിൽ ജോലി ചെയ്യുന്ന 40കാരനായ സുരക്ഷാ ജീവനക്കാരനായ ഫാറൂഖ് അസ്ലം ഖാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജേഴ്സികൾ അടങ്ങിയ വലിയ ബോക്സ് എടുത്തുകൊണ്ടുപോകുന്നത് സ്റ്റേഡിയത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഓഡിറ്റിങ്ങിനിടെയാണ് ജേഴ്സികളിൽ ഗണ്യമായ കുറവ് കാണാനായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അധികൃതർ, മോഷണത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസിന്റെ പ്രാഥമിക നിഗമനമനുസരിച്ച്, ഇയാൾക്ക് ഓൺലൈൻ ചൂതാട്ടത്തിലൂടെ ബാധ്യതകൾ ഉണ്ടായിരുന്നു, അതിനായി ജേഴ്സികൾ വിറ്റതായാണ് സൂചന. മോഷ്ടിച്ച ജേഴ്സികൾ വിവിധ ക്രിക്കറ്റ് ടീമുകളുടേതായിരുന്നെങ്കിലും, അവ കളിക്കാർക്കുള്ളതാണോ ഫാൻമാർക്കുള്ളതാണോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നതായി പോലീസ് അറിയിച്ചു.
