ആലപ്പുഴ: ഛത്തീസ്ഗഢിൽ മതപരിവർത്തനത്തിനും മനുഷ്യക്കടത്തിനുമുള്ള ശ്രമമെന്നാരോപണത്തിൽ രണ്ടു മലയാളി കന്യാസ്ത്രീകൾ അറസ്റ്റിൽ. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാകുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതി യുമാണ് വെള്ളിയാഴ്ച പൊലീസ് പിടിയിലായത്. ചേർത്തലയിലെ ആസ്ഥാനത്തുള്ള സിറോ മലബാർ സഭയുടെ കീഴിലാണിത്.Two Malayali nuns arrested in Chhattisgarh: Allegations of human trafficking and religious conversion
ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ, ഗാർഹിക ജോലികൾക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഇടപെടൽ. പെൺകുട്ടികളിലൊരാളിന്റെ സഹോദരനും കൂടെയുണ്ടായിരുന്നു. സംഭവസ്ഥലത്ത് എത്തിയ ഒരു സംഘമാണ് ഇവരെ തടഞ്ഞ് പൊലീസിനെ വിവരമറിയിച്ചത്. ഒരാള് സമ്മതം ഇല്ലാതെയാണ് ജോലിക്കായി കൊണ്ടുവന്നതെന്ന് മൊഴി നൽകിയതോടെയാണ് സ്ഥിതി ഗുരുതരമായത്. പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്നവർ ആധാർ കാർഡുകൾ വഹിച്ചിരുന്നില്ല. ഇതേ അടിസ്ഥാനത്തിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ഉൾപ്പെടെ ഗൗരവമേറിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ആവർത്തിക്കപ്പെടുന്നതിനാൽ, പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുമ്പോൾ സഭാവസ്ത്രം ഒഴിവാക്കി സാധാരണവേഷം സ്വീകരിക്കണമെന്നു കന്യാസ്ത്രീകൾക്കായി അനൗദ്യോഗിക നിർദേശം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ഉത്തരേന്ത്യയിൽ പ്രവർത്തിക്കുന്ന മുതിർന്ന വൈദികർ ആണ് ഈ നിർദേശങ്ങൾ വൈദികരുടെയും കന്യാസ്ത്രീകളുടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചത്.
“മാതാപിതാക്കൾ കൂടെ വരണമെന്നതും യാത്രാച്ചെലവ് സഭ വഹിക്കണമെന്നതുമാണ് ഇപ്പോൾ നൽകപ്പെടുന്ന നിർദേശങ്ങൾ. സഹോദരനൊപ്പം വന്നതുകൊണ്ട് പ്രശ്നമുണ്ടാകുമെന്നു കരുതിയില്ല,” എന്നുമാണ് ഒരു മുതിർന്ന കന്യാസ്ത്രീയുടെ പ്രതികരണം.
