കോട്ടയം: ജോലിക്കിടെ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സ്മരണയ്ക്ക് ജന്മനാടായ കടുത്തുരുത്തിയിലും ആശുപത്രി പിറവിയെടുക്കുന്നു. ഏകമകളുടെ ഓർമ്മയെ ജീവനാക്കാൻ, വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും വസന്തകുമാരിയും പുതിയ ആശുപത്രി സ്ഥാപിക്കുന്നു. “വന്ദനയുടെ ആഗ്രഹം തന്നെ സ്വന്തം ആശുപത്രിയുണ്ടാക്കാനും പാവപ്പെട്ടവർക്കായി സൗജന്യചികിത്സ ഒരുക്കാനും ആയിരുന്നു,” എന്നാണ് ദമ്പതികൾ പറയുന്നത്.Dr. Vandana Das Memorial Hospital to be inaugurated next month
കടുത്തുരുത്തി മധുരവേലിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഡോ. വന്ദന ദാസ് മെമ്മോറിയൽ ആശുപത്രി, അടുത്ത മാസം അവസാനം ഉദ്ഘാടനം ചെയ്യും. ഇതിനായി വന്ദനയുടെ പേരിൽ നേരത്തെ ആരംഭിച്ച ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
വന്ദനയുടെ അമ്മയുടെ ജന്മനാടായ ആലപ്പുഴ തൃക്കുന്നപ്പുഴയിലും ഇതിനു മുമ്പ് ട്രസ്റ്റ് ആശുപത്രി ആരംഭിച്ചിരുന്നു. കൂടാതെ വന്ദനയുടെ വീടായ കുറുപ്പന്തറയിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള മറ്റൊരു ആശുപത്രിയുടെയും പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുന്നു.
മാതാപിതാക്കളുടെ സ്വത്തുക്കൾ ട്രസ്റ്റിന് കൈമാറാൻ തീരുമാനിച്ചിട്ടുണ്ടെന്നും, ആശുപത്രി സേവനങ്ങൾക്കൊപ്പം വിദ്യാഭ്യാസ സഹായം ഉൾപ്പെടെ നിരവധി സേവനപദ്ധതികൾ നടപ്പിലാക്കുമെന്ന് രക്ഷിതാക്കൾ അറിയിച്ചു. ബിഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നുണ്ട്.
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡ്യൂട്ടിക്കിടെ 2023 മേയ് 10ന് ആണ് അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്.
