തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വിലാപയാത്രയിലും അല്ലാതെയും അന്ത്യാഭിവാദ്യം അർപ്പിച്ചവർക്ക് നന്ദിയർപ്പിച്ച് മകൻ വിഎ അരുൺകുമാർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കു വച്ചു.Remembering with folded hands the ocean of people that flowed before our eyes, V.A. Arunkumar
വിഎ അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;
‘ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്. കടന്നുപോയ ഒരു മാസക്കാലവും അച്ഛനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞേക്കും എന്ന പ്രത്യാശ വെച്ചുപുലർത്തിയെങ്കിലും വിധിവിഹിതം മറിച്ചായിപ്പോയി. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താൽപ്പര്യപ്പെട്ട നൂറുകണക്കിന് അച്ഛന്റെ അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിർദ്ദേശം നിലവിലുണ്ടായിരുന്നതിനാൽ അന്ത്യ നാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. ആശുപത്രിയിൽ വന്ന് സമാശ്വസിപ്പിച്ചവരോടുപോലും വേണ്ടത്ര ഊഷ്മളമായി പ്രതികരിച്ചുവോ എന്ന് സംശയമുണ്ട്.
അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം ഒരു സ്വപ്നംപോലെ മാത്രമേ ഓർത്തെടുക്കാനാവുന്നുള്ളു. അച്ഛനോടൊപ്പം ബസ്സിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നു. മണിക്കൂറുകൾ കാത്തുനിന്നിട്ടും അന്ത്യാഭിവാദ്യം അർപ്പിക്കാൻ പോലും കഴിയാതെ നിരാശരായവരുണ്ട് എന്ന് മനസ്സിലാക്കുന്നു. എല്ലാവരോടും നന്ദിയുണ്ട്. ആശുപത്രിയിലെ ഡോക്ടർമാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാർട്ടിയോട്’.
അതേ സമയം, നീണ്ട മണിക്കൂറുകൾ നീണ്ട വിലാപയാത്രക്കും പൊതുദർശനത്തിനും ശേഷം രാത്രി ഒൻപതിനോടെയാണ് സർക്കാർ ഔദ്യോഗിക ബഹുമതികളോടെ വിഎസിന്റെ സംസ്കാരം ആലപ്പുഴയിൽ നടക്കുന്നത്. ചിതയ്ക്ക് തീ കൊളുത്തിയത് മകൻ വി.എ. അരുൺകുമാരാണ്.
തിരുവനന്തപുരം മുതൽ ആരംഭിച്ച വിലാപയാത്ര, ആയിരക്കണക്കിന് ജനങ്ങളുടെ കണ്ണീർപ്പൂക്കളും മുദ്രാവാക്യങ്ങളുമൊപ്പമെത്തിയത് വിപ്ലവ മണ്ണായ ആലപ്പുഴയിലെ അന്തിമ വിശ്രമസ്ഥാനത്തെത്തിയപ്പോൾ ആയിരുന്നു. “വി.എസ്. അമരനാണ്”, “കണ്ണേ കരളേ വി.എസ്സേ” തുടങ്ങിയ മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങി.പ്രായഭേദമന്യേ തടിച്ചുകൂടിയ ജനസാന്ദ്രത, പ്രിയനായ നേതാവിന്റെ അവസാന ദർശനത്തിനായി കാത്തുനിന്നു. മഴയെ പോലും ഉപേക്ഷിച്ച് മണിക്കൂറുകളായി കാത്തുനിന്ന അവരുടെ കണ്ണീരിനാണ് വിഎസിന്റെ സംസ്കാരം സാക്ഷ്യം വഹിച്ചത്. ആ അന്ത്യയാത്ര നിശ്ചയിച്ചതിലുമധികം വൈകിയാണ് പൂര്ത്തിയായത്.
