ന്യൂയോർക്ക്: ഇന്ത്യയുടെ സാമ്പത്തിക പുരോഗതി തുടരുമ്പോൾ പാകിസ്ഥാൻ കടംവാങ്ങിക്കൂട്ടുകയാണ് ചെയ്യുന്നത് എന്ന് ഇന്ത്യയുടെ യുഎൻ അംബാസഡർ പർവതനേനി ഹരീഷ് വിമർശിച്ചു. യു.എൻ സുരക്ഷാസമിതിയിൽ “തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലൂടെയുള്ള അന്താരാഷ്ട്ര സമാധാനവും സുരക്ഷയും” എന്ന വിഷയത്തിൽ നടന്ന തുറന്ന ചര്‍ച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം പാകിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിച്ചത്.India mocks Pakistan at UN conference
കശ്മീർ വിഷയവും സിന്ധുനദീജല തർക്കവും യു.എന്നിൽ പാകിസ്ഥാൻ ഉന്നയിച്ചതിനെത്തുടർന്നാണ് ഇന്ത്യയുടെ ശക്തമായ മറുപടി. അതിർത്തി കടന്നുള്ള ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ നല്ല അയൽബന്ധം എന്ന സങ്കൽപ്പം ലംഘിക്കുന്ന രാജ്യങ്ങൾക്ക് ഗുരുതരമായ വില ചുമത്തേണ്ടി വരുമെന്ന് ഹരീഷ് മുന്നറിയിപ്പ് നൽകി.
2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 നിരപരാധികളായ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതായി ഹരീഷ് ഓർമിപ്പിച്ചു. ഇത്തരം നിന്ദ്യ ആക്രമണങ്ങൾ നടത്തുന്നതിൽ പങ്കുള്ളവരെയും, ധനസഹായം നൽകുന്നവരെയും, പിന്തുണയ്ക്കുന്നവരെയും കുറ്റവാളികളായി കണ്ടു നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതിന്റെ അത്യാവശ്യകതയെ സുരക്ഷാ കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യ ഇന്ന് ഒരു പക്വമായ ജനാധിപത്യ രാജ്യമാണ്, സമ്പദ്വ്യവസ്ഥ ശക്തമായി വളരുകയാണ്, എല്ലാം ഉൾക്കൊള്ളുന്ന ബഹുസ്വര സമൂഹമാണ്. മറുവശത്ത്, മതഭ്രാന്തിലും ഭീകരതയിലും മുങ്ങിക്കുളിച്ച് ഐഎംഎഫിനെയും മറ്റ് ആഗോള ഏജൻസികളെയും ആശ്രയിച്ച് തുടർച്ചയായി കടംവാങ്ങുന്ന ഒരു പാകിസ്ഥാൻ നിലകൊള്ളുന്നു,” പർവതനേനി ഹരീഷ് ആരോപിച്ചു.
