
വാഷിംഗ്ടൺ: സിറിയയില്‍ ഇസ്രയേല്‍ നടത്തുന്ന നിരന്തരമായ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്ക ശക്തമായ അതൃപ്തി പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ “ഭ്രാന്തന്” എന്ന പേരില്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.White House official says Benjamin Netanyahu is crazy
സിറിയയില്‍ സമാധാനത്തിന് വേണ്ടി അമേരിക്കയുടെ മധ്യസ്ഥതയോടെ നടന്ന ചർച്ചകള്‍ വിജയത്തിലേക്കെത്തുന്നതിനിടെ, നെതന്യാഹുവിന്റെ നീക്കങ്ങള്‍ ഈ ശ്രമങ്ങളെ നിരാശപ്പെടുത്തുകയാണെന്ന് വൈറ്റ് ഹൗസ് ആക്ഷേപിച്ചു. ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യം മൂളിയിട്ടും ഇസ്രയേല്‍ പ്രതികരിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.
“നെതന്യാഹു എല്ലായ്പ്പോഴും ബോംബിടുകയാണ്. ഒരു ഭ്രാന്തനെ പോലെ പെരുമാറുകയാണ്,” എന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് അഭിപ്രായപ്പെട്ടു. ഗാസയിലെ പള്ളിയെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിന് പിന്നാലെ ട്രംപ് നേരിട്ട് നെതന്യാഹുവിനെ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ടതായി മറ്റൊരു ഉദ്യോഗസ്ഥന് വെളിപ്പെടുത്തി.
അതേസമയം, കഴിഞ്ഞയാഴ്ച കലാപബാധിതമായ സുവൈദയില്‍ സർക്കാർ സേന പിൻവാങ്ങിയതോടെ, ഡ്രൂസ് സമൂഹത്തിന് പിന്തുണയുമായി ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണം വലിയ വിവാദം സൃഷ്ടിച്ചു. അറബ് ന്യൂനപക്ഷമായ ഡ്രൂസുകളെ സംരക്ഷിക്കാനായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു ഇസ്രയേലിന്റെ വിശദീകരണം.
തെക്കന്‍ സിറിയയിലെ സുവൈദയില്‍ സർക്കാർ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് ഡ്രൂസുകളുടെയും ബിദൂനുകളുടെയും ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഇതുവരെ 900-ലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.