
കീവ്: യുക്രൈൻ പ്രധാനമന്ത്രിയെ മാറ്റി പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കി. നിലവിലെ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലിന്റെ സ്ഥാനത്താണ് ഉപപ്രധാനമന്ത്രിയായ യൂലിയ സ്വെറിഡെങ്കോയെ നിയോഗിച്ചത്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഈ മന്ത്രിസഭാ പുനസംഘടനയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡെനിസ് ഷ്മിഹാലിനെ പ്രതിരോധ മന്ത്രിപദത്തിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. പുതിയ മന്ത്രിസഭയ്ക്കായുള്ള നിയമനങ്ങൾക്ക് പാർലമെന്റിന്റെ അംഗീകാരവും ആവശ്യമാണ്.Major reshuffle in Ukraine’s cabinet
2021 മുതൽ യൂലിയ സ്വെറിഡെങ്കോ ഉപപ്രധാനമന്ത്രിയായിരുന്നു. അമേരിക്കയുമായി യുക്രെയ്ൻ നടത്തിയത് ധാതുഖനന കരാറിൽ നിർണായക പങ്കുണ്ടായിരുന്നു. പ്രതിരോധ മന്ത്രിയായുള്ള ചുമതല ഏറ്റെടുക്കാൻ ഡെനിസ് ഷ്മിഹാൽ ഏറ്റവും യോഗ്യനാണെന്ന് സെലെൻസ്കി വ്യക്തമാക്കി. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് യുക്രെയിനിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ സഹായകരമാകുമെന്നാണ് സെലെൻസ്കിയുടെ വിശ്വാസം.
രാജ്യത്തിന്റെ സാമ്പത്തിക ശേഷി മെച്ചപ്പെടുത്തുകയും, ജനങ്ങൾക്കുള്ള സഹായം വിപുലീകരിക്കുകയും, ആഭ്യന്തര ആയുധ നിർമ്മാണം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായുള്ള സമഗ്ര നടപടികൾക്കാണ് പുതിയ തീരുമാനങ്ങൾ അടിസ്ഥാനമാകുന്നത്, വ്ളാഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.