കൊല്ലം: ഷാര്‍ജയില്‍ ഒരുവയസ്സര മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ മലയാളി യുവതി വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട് കുണ്ടറ പൊലീസ് കേസെടുത്തു.Vipanchika’s death: Police register case against husband and family
ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് ഭര്‍ത്താവ് നിധീഷ്, ഭര്‍ത്താവിന്റെ സഹോദരി, ഭര്‍തൃപിതാവ് എന്നീ മൂന്നുപേർക്കെതിരെയാണ് കേസ്. ഷാര്‍ജയിലായതിനാല്‍ ഇവര്‍ നാട്ടിലെത്തിയാല്‍ മാത്രമേ അറസ്റ്റ് ചെയ്യുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.
വിവാഹത്തിന് സ്ത്രീധനം വാങ്ങിയതുമായി ബന്ധപ്പെട്ട് സ്ത്രീധന നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ നിറം ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ സഹോദരി വിപഞ്ചികയെ മാനസികമായി അധിക്ഷേപിച്ചെന്നും മുടി മൊട്ടയടിച്ചുവെന്നും പരാതിയുണ്ട്.
വിപഞ്ചികയുടെ അമ്മ ശൈലജ നല്കിയ പരാതിയിലാണ് നടപടി. മകളെ വിവാഹം കഴിഞ്ഞതുമുതല്‍ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യയ്ക്ക് ഇടയാക്കിയതും ഭര്‍ത്താവിന്റെ കുടുംബമാണെന്ന് ശൈലജ പൊലീസിനോട് പറഞ്ഞു. ഡിജിറ്റല്‍ തെളിവുകളും ആത്മഹത്യ കുറിപ്പും ശൈലജ പൊലീസിന് സമര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോണ്‍സുലേറ്റിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും ശൈലജ പരാതി നല്‍കിയിട്ടുണ്ട്. മകളുടെയും മരിച്ച കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ച ശേഷം റീപോസ്റ്റുമോര്‍ട്ടം വേണമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കില്ലെന്നാണ് ഭര്‍ത്താവ് നിധീഷിന്റെ നിലപാട്.
