തിരുവനന്തപുരം: ശശി തരൂർ ബിജെപിയിൽ ചേരുമെന്ന് പ്രചരിക്കുന്ന അഭ്യൂഹങ്ങളേക്കുറിച്ച് പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തരൂരിന്റെ ഭാഗത്തുനിന്ന് ഇതുവരെ ബിജെപിയിൽ ചേരാൻ യാതൊരു അപേക്ഷയും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വത്തിന് മുന്നിൽ അപേക്ഷ എത്തിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.വികസിത കേരളത്തിനായി പ്രവർത്തിക്കാൻ തയ്യാറുള്ള എല്ലാവരെയും ബിജെപി സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.Rumours of Tharoor joining BJP; Rajeev Chandrasekhar responds
ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന നിലപാടുകൾക്കാണ് രാഷ്ട്രീയ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ ലഭിച്ചത്. പ്രധാനമന്ത്രിയെ പ്രശംസിച്ച് ‘ദി ഹിന്ദു’യിൽ തരൂർ എഴുതിയ ലേഖനം മോദിയുടെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചതോടെ ചർച്ചകൾ വീണ്ടും സജീവമായി. ഈ നിലപാടിന് നേരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പരോക്ഷമായി വിമർശനം ഉന്നയിച്ചു. “രാജ്യത്തിനേക്കാൾ ചിലർ മോദിക്ക് പ്രാധാന്യം നൽകുന്നു” എന്നായിരുന്നു ഖർഗെയുടെ വിമർശനം. അതിന് മറുപടിയായി തരൂർ “പറക്കാൻ അനുമതി ചോദിക്കേണ്ടതില്ല” എന്ന പ്രസ്താവന നടത്തിയതും വലിയ രാഷ്ട്രീയപ്രതികരണങ്ങൾക്കാണ് ഇടയാക്കിയതും.
അടുത്തിടെ പുറത്ത് വന്ന സർവേയിൽ കേരളത്തിലെ ഏറ്റവും യോഗ്യനായ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന നിലയിൽ തന്റെ പേരാണ് ഉയർന്നതെന്നും താനാണ് അതിന് അർഹനെന്നും തരൂർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് കോൺഗ്രസിനുള്ളിൽ കൂടുതൽ ചർച്ചകളിലേക്ക് വഴിമാറി.
അതേസമയം, അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തരൂരിന്റെ അഭിപ്രായപ്രകടനവും വിവാദമാവുകയാണ്. അടിയന്തരാവസ്ഥയിലെ 21 മാസങ്ങൾ രാജ്യത്തെ മൗലികാവകാശങ്ങളെ ഇല്ലാതാക്കിയതാണെന്നും, എന്നാൽ ഇന്നത്തെ ഇന്ത്യ കൂടുതൽ ജനാധിപത്യ മൂല്യങ്ങളുള്ളതാണെന്നും ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ ലേഖനത്തിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അഭിപ്രായപ്രകടനവും കോൺഗ്രസിനുള്ളിൽ തരൂരിനെതിരെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. ഈ സാഹചര്യത്തിലാണ് തരൂർ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തിപ്പെട്ടതും, അതുസംബന്ധിച്ച് രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചതും.
