
കൊച്ചി: കീം 2025-ലെ റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ ആവശ്യപ്പെട്ട സർക്കാരിന്റെ ഹർജിയും കോടതി നിരാകരിച്ചു. ഇതോടെ നിലവിലുള്ള റാങ്ക് പട്ടികയെ അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാൻ സർക്കാരിന് കഴിയില്ല.KEEM 2025 rank list; High Court rejects appeal
പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച് പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ച ശേഷമാണ് റാങ്ക് നിർണയത്തിൽ ഉപയോഗിക്കുന്ന വെയിറ്റേജിൽ സർക്കാർ മാറ്റം വരുത്തിയത്. ഇതിനെ നിയമവിരുദ്ധമെന്നു കണ്ടെത്തിയ സിംഗിൾ ബെഞ്ചിന്റെ നിലപാട് ഡിവിഷൻ ബെഞ്ചും അംഗീകരിച്ചു. 2011 മുതൽ പ്രാബല്യത്തിലുള്ള മാനദണ്ഡം അനുസരിച്ച് വെയിറ്റേജ് കണക്കാക്കി റാങ്ക് പട്ടിക പുതുതായി പ്രസിദ്ധീകരിക്കണമെന്നാണ് ഇപ്പോഴത്തെ കോടതി നിർദേശം.
ഇതോടെ നിലവിലെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നിരവധി വിദ്യാർത്ഥികൾക്ക് തിരിച്ചടി നേരിടേണ്ടി വരും. ചിലർ പട്ടികയിൽ നിന്ന് പുറത്ത് പോകേണ്ടി വരാനാണ് സാധ്യത. സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇതോടെ വലിയ മാറ്റങ്ങൾക്ക് വിധേയമാകും.
കേരള സിലബസ് വിദ്യാർത്ഥികൾക്ക് മാർക്ക് ഏകീകരണത്തിലെ ന്യായമായ പ്രതിനിധാനം ഉറപ്പാക്കാനായിരുന്നു സർക്കാരിന്റെ പുതിയ വെയിറ്റേജ് പരിഷ്കാരം. എന്നാൽ അതിനായുള്ള നടപടികളിൽ കാലതാമസമായതാണ് ഈ നിയമവഴക്കത്തിനും അനിശ്ചിതത്വത്തിനും വഴിവെച്ചതെന്നാണ് വിലയിരുത്തൽ. പ്രോസ്പെക്ടസിൽ മാറ്റങ്ങൾ സാധ്യമാകുന്നുവെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.