നേട്ടങ്ങളുടെ ചരിത്രം കുറിച്ച് ആഗോള ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയ കോർപ്പറേഷൻ. ഓഹരികളിൽ വൻകുതിപ്പ് നടത്തിയതോടെ, വിപണി മൂലധനത്തിൽ 4 ട്രില്യൺ ഡോളർ പിന്നിട്ട ലോകത്തിലെ ആദ്യ കമ്പനിയായി എൻവിഡിയ മാറി. ജെൻസൻ ഹുവാങിന്റെ നേതൃത്വത്തിലുള്ള ഈ ടെക് ഭീമൻ, ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പിന്നിലാക്കി ഇപ്പോൾ വിപണി മൂല്യത്തിൽ ഏറ്റവും വലിയ പബ്ലിക് ലിസ്റ്റഡ് കമ്പനിയാകുകയാണ്.Nvidia becomes the world’s most valuable company
യുഎസ് സ്റ്റോക്ക് മാർക്കറ്റിലെ ബുധനാഴ്ച നടന്ന ഇൻട്രാഡേ ഇടപാടുകളിൽ എൻവിഡിയയുടെ ഓഹരികൾ 2.76% വരെ ഉയർന്ന്, എക്കാലത്തെയും ഉയർന്ന വിലയായ \$164.42-ലേക്ക് കടന്നു. അതിവേഗം 4 ട്രില്യൺ ഡോളറിന്റെ ക്ലബിൽ പ്രവേശിച്ചപ്പോൾ, വിപണിയിലെ ശ്രദ്ധ മുഴുവൻ ഈ കമ്പനിയുടെ നേട്ടത്തിലേക്ക് തിരിഞ്ഞു. മാർക്കറ്റ്കാപ്പി ഡാറ്റ പ്രകാരം, എൻവിഡിയ നിലവിൽ ഒന്നാം സ്ഥാനത്തും, മൈക്രോസോഫ്റ്റ് (\$3.751 ട്രില്യൺ) രണ്ടാമത്തെയും, ആപ്പിൾ (\$3.135 ട്രില്യൺ) മൂന്നാമത്തെയും സ്ഥാനത്തുമാണ്.
1993-ൽ കാലിഫോർണിയയിൽ സ്ഥാപിതമായ എൻവിഡിയ, 2024 ഫെബ്രുവരിയിലാണ് ആദ്യമായി 2 ട്രില്യൺ ഡോളർ വിപണി മൂല്യത്തിലെത്തിയത്. അതിന് ശേഷമുണ്ടായ തീവ്ര വളർച്ചയോടെ ജൂണിൽ 3 ട്രില്യൺ പിന്നിട്ടു. 2022 അവസാനം ചാറ്റ് ജിപിടിയുടെ ഉദയം ആയപ്പോൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ വലിയ മുന്നേറ്റവും, അതുമായി ബന്ധപ്പെട്ട എഐ ഹാർഡ്വെയറിനും ചിപ്പുകൾക്കുമുള്ള വൻ ഡിമാൻഡും എൻവിഡിയയുടെ വളർച്ചയ്ക്ക് പുതിയ വേഗം നൽകി.
