ദില്ലിയിലും സമീപ പ്രദേശങ്ങളിലുമായി ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രതയായിരുന്നു ഭൂകമ്പത്തിന്. ഹരിയാനയിലെ ജജ്ജറാണ് പ്രഭവകേന്ദ്രം, ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിയുടെ റിപ്പോര്‍ട്ട്.Earthquake in Delhi and nearby areas
രാവിലെ 9.04ന് അനുഭവപ്പെട്ട ഭൂചലനത്തോടെയാണ് ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും ഫാനുകളും മറ്റ് വീട്ടുപകരണങ്ങളും ആടിയുലഞ്ഞത്. പരിഭ്രാന്തരായ താമസക്കാര്‍ വീടുകള്‍ വിട്ടിറങ്ങുകയും ചെയ്തു. നോയിഡ, ഗുരുഗ്രാം, റോഹ്തക്, ദാദ്രി, ബഹാദൂര്‍ഗഡ് എന്നിവിടങ്ങളിലും ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ജജ്ജറിനോട് ഏകദേശം 200 കിലോമീറ്റര്‍ അകലെയുള്ള മീററ്റ്, ഷംലി തുടങ്ങിയ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജില്ലകളിലും പ്രകമ്പനം രേഖപ്പെടുത്തി.
ഭൂകമ്പം അനുഭവപ്പെട്ട ഉടനടി ദേശീയ ദുരന്ത നിവാരണ സേന (NDRF) മുന്നറിയിപ്പ് നല്കി. പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും, പടികള്‍ കയറരുതെന്നും, സുരക്ഷിതമായ ഇടങ്ങളില്‍ കഴിയണമെന്നും സേന അറിയിപ്പ് നല്കി.
