മലപ്പുറം: 2026ലെ നിയമസഭ തിരഞ്ഞെടുപ്പിനായി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനൊരുങ്ങുകയാണ് മുസ്ലിം ലീഗ്. നാലോളം പുതിയ സീറ്റുകൾക്ക് ലീഗ് അവകാശവാദം ഉന്നയിക്കും. വടക്കൻ കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലായിരിക്കും പ്രധാനമായും ഈ ആവശ്യം മുന്നോട്ട് വയ്ക്കുക.Muslim League moves for more seats
കോഴിക്കോട്ടെ നാദാപുരമോ കൊയിലാണ്ടിയോ നേടാനാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. വയനാട്ടിൽ കൽപ്പറ്റ സീറ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്. സംവരണ മണ്ഡലമായ മാനന്തവാടിയും ഒത്തുതീർപ്പിന്റെ ഭാഗമായി ആവശ്യപ്പെടാൻ ലീഗ് സാദ്ധ്യത കണ്ടെത്തുന്നു. തിരുവമ്പാടി വിട്ട് കൊടുത്താൽ തവനൂർ അല്ലെങ്കിൽ പട്ടാമ്പി പോലുള്ള സീറ്റുകൾ പ്രതിഫലമായി ലഭിക്കണമെന്നും ലീഗ് നിർദേശിക്കുന്നു.
വടക്കൻ കേരളം മാത്രമല്ല, തെക്കൻ കേരളത്തിലേക്കും സ്വാധീനം വിപുലപ്പെടുത്താനുള്ള ശ്രമമായിരിക്കും മറ്റ് സീറ്റുകൾക്കായുള്ള ആവശ്യം. അതിനാൽ തന്നെ അതിലെ ഏതെങ്കിലും സീറ്റിനായി ലീഗ് നിലപാടെടുത്തേക്കും.
ലീഗിൻ്റെ ഈ സമീപനം പൊതുവെ സ്ഥിരീകരിക്കുന്ന രീതിയിലായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിൻ്റെ പ്രതികരണം. “ഏതൊരു കക്ഷിക്കും കൂടുതൽ സീറ്റുകളിൽ മത്സരിക്കാനുള്ള താൽപര്യം ഉണ്ടാകും. പക്ഷേ, യഥാർത്ഥ തീരുമാനമാകുന്നത് യുഡിഎഫിനുള്ളിലെ ചർച്ചകൾക്ക് ശേഷമായിരിക്കും,” എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ നിന്ന് ലഭിക്കുന്ന എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും, യുഡിഎഫിലെ എല്ലാ സ്ഥാനാർത്ഥികളെയും വിജയിപ്പിക്കാൻ ലീഗ് മുഴുവൻ ശേഷിയും വിനിയോഗിക്കുമെന്നും പി എം എ സലാം കൂട്ടിച്ചേർത്തു.
