വാഷിങ്ടൺ: 20 വർഷമായി നിലവിലുണ്ടായിരുന്ന നിയമം അവസാനിപ്പിച്ച്, യുഎസിലെ വിമാനത്താവളങ്ങളിൽ ഇനി യാത്രക്കാർക്ക് സുരക്ഷാ പരിശോധനയ്ക്കായി ഷൂ അഴിച്ചുമാറ്റേണ്ടതില്ല. ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ പുതിയ തീരുമാനം ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം ആണ് ചൊവ്വാഴ്ച റൊണാൾഡ് റീഗൻ നാഷണൽ എയർപോർട്ടിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.Shoe-removal rule lifted at US airports
ഷൂ അഴിക്കുന്നതിനുള്ള ഇളവ് നൽകിയെങ്കിലും മറ്റ് സുരക്ഷാ നടപടികൾ പൂർണ്ണമായി തുടരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സുരക്ഷാ സാങ്കേതികവിദ്യയിൽ വലിയ പുരോഗതിയുണ്ടായെന്നും നിലവിൽ വിപുലമായ ബഹുമുഖ സുരക്ഷാ സംവിധാനം ഉപയോഗിക്കുന്നതായും ക്രിസ്റ്റി നോം പറഞ്ഞു. അതിനാൽ സുരക്ഷാ നിലവാരം കുറയാതെ തന്നെ യാത്രക്കാർക്കും സന്ദർശകർക്കും മെച്ചപ്പെട്ട അനുഭവം ഒരുക്കാൻ കഴിയുമെന്ന് അവർ ഉറപ്പ് നൽകി.
2001 ഡിസംബർ മാസത്തിൽ, ബ്രിട്ടീഷ് പൗരനായ റിച്ചാർഡ് റീഡ് (“ഷൂ ബോംബർ”) അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സ്ഫോടകവസ്തുക്കളുമായി ആക്രമണ ശ്രമം നടത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് 2006 മുതൽ ഷൂ അഴിച്ചുമാറ്റുന്നത് നിർബന്ധമാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു.
