കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കേസ് നല്‍കിയിരിക്കുന്നത് നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫനാണ്. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് സമര്‍പ്പിച്ചത്.Listin Stephen files defamation case against Sandra Thomas
സാന്ദ്ര തോമസ് മെയ് മാസത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് നടത്തിയതെന്നാണ് ലിസ്റ്റിന് സ്റ്റീഫന്റെ ആരോപണം. തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരുടെ ഏജന്റായി ലിസ്റ്റിന് സ്റ്റീഫന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സാന്ദ്ര തോമസ് ആരോപിച്ചിരുന്നു.
മലയാള സിനിമയിലെ പ്രമുഖനടനെതിരെ ലിസ്റ്റിന് നടത്തിയ പരോക്ഷ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സാന്ദ്രയുടെ പ്രതികരണം. ലിസ്റ്റിന് സ്റ്റീഫൻ നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളിലെ നേതൃത്വം വഹിക്കുന്നവരിൽ ഒരാളാണ്. സിനിമാ വ്യവസായത്തിൽ വട്ടിപ്പലിശക്കാരുടെ സ്വാധീനം വളർത്താനുള്ള ഗൂഢനീക്കത്തിൽ അദ്ദേഹം പങ്കാളിയാകരുതെന്ന് അഭ്യർത്ഥിക്കുന്ന സന്ദേശമാണ് സാന്ദ്ര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയത്.
ഫിലിം ചേംബറിലെ അടുത്ത തിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാകാനുള്ള ശ്രമം ലിസ്റ്റിന് ആരംഭിച്ചുവെന്നും, അദ്ദേഹം സിനിമ വ്യവസായത്തിനായി നല്ല കാര്യങ്ങൾ ചെയ്യട്ടെ എന്നും സാന്ദ്ര പോസ്റ്റിൽ കുറിച്ചിരുന്നു.
ഈ പോസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് ലിസ്റ്റിന് സ്റ്റീഫൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.
