തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജൂലൈ 7 മുതൽ 11 വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Change in rain warning; Yellow alert for Kannur and Kasaragod districts
24 മണിക്കൂറിനുള്ളിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന മഴയാണ് “ശക്തമായ മഴ” എന്നതിൽ ഉൾപ്പെടുന്നത്. ഇന്ന് മുതൽ ബുധൻ വരെ ചിലയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്.
തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2 -3 ദിവസങ്ങളിൽ ജാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി (off shore trough) സ്ഥിതിചെയ്യുന്നു
കന്യാകുമാരി തീരത്ത് നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരഭാഗങ്ങളിൽ കടൽക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും കടലിൽ വിനോദസഞ്ചാരത്തിന് പോകുന്നവരും അർഹമായ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്.
