ഇപ്പോൾ രജിസ്ട്രഡ് തപാൽ, സ്പീഡ് പോസ്റ്റ്, പാഴ്സൽ എന്നിവ ഇനി പോസ്റ്റ് ഓഫീസിൽ പോയി നിൽക്കാതെ തന്നെ ബുക്ക് ചെയ്യാനാകും. ഇതിനായി തപാൽ വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുക മതി.Postal services now smart at home
ബുക്കിംഗ് നടത്തിയ ഉടനെ തന്നെ ബന്ധപ്പെട്ട പോസ്റ്റ്മാനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും അദ്ദേഹം നിങ്ങളുടെ വീട്ടിൽ എത്തി തപാൽ ഉരുപ്പടികൾ ശേഖരിക്കുകയും ചെയ്യും. ഈ സേവനങ്ങൾ തപാൽ വകുപ്പ് ഉടൻ ആവിഷ്കരിക്കുന്ന പുതിയ സോഫ്റ്റ്വേറിലൂടെയാണ് ലഭ്യമാകുന്നത്. നിലവിൽ ഉപയോഗിക്കുന്ന ടിസിഎസിന്റെ സോഫ്റ്റ്വെയറിന് പകരമാണ് ഈ പുതിയ സംവിധാനം.
പുതിയ സംവിധാനം നടപ്പിലാകുന്നതോടെ, രജിസ്ട്രഡ് തപാലിന്റെ കൈമാറ്റത്തിന് ഇപ്പൊഴുള്ള അക്നോളഡ്ജ്മെന്റ് കാർഡ് (മടക്ക രസീത്) ഒഴിവാക്കപ്പെടും. ഇതിന് പകരം, 10 രൂപക്കുള്ള “പ്രൂഫ് ഓഫ് ഡെലിവറി” (POD) ലഭ്യമാകും. നിലവിൽ POD ഉപയോഗിക്കുന്നത് സ്പീഡ് പോസ്റ്റിനായി മാത്രമാണ്.
അതോടൊപ്പം, ഒരുമണിയോർഡറിൽ അയക്കാവുന്ന തുകയെ 5000 രൂപയിൽ നിന്ന് 10,000 രൂപയിലേക്ക് വർധിപ്പിച്ചിട്ടുണ്ട്.
തപാൽ എത്തിച്ചെന്ന വിവരവും കൈമാറിയെന്ന സ്ഥിരീകരണവും ഇനി മുതൽ അയച്ചയാൾക്കും സ്വീകരിക്കുന്നയാൾക്കും തത്സമയം ലഭിക്കും. അതിനായി ഇരുവരുടെയും മൊബൈൽ നമ്പർ നൽകുന്നത് നിർബന്ധമായിരിക്കും.കടലാസില്‍ ഒപ്പിട്ട് ഉരുപ്പടി കൈപ്പറ്റുന്ന രീതി ഡിജിറ്റില്‍ സിഗ്നേച്ചര്‍ സംവിധാനത്തിലേക്കും മാറും.
തപാൽ കൈമാറാനാകാത്ത സാഹചര്യത്തിൽ (ഉദാഹരണത്തിന്, വീട് അടച്ചിരിക്കുന്നു), അതിന്റെ തെളിവായി മേൽവിലാസത്തിലെ വീട്ടിന്റെ ഫോട്ടോ പോസ്റ്റ് സ്റ്റാഫ് ആപ്പിൽ അപ്ലോഡ് ചെയ്യണം. ഉരുപ്പടി കൈപ്പറ്റുന്നയാൾ മേൽവിലാസക്കാരൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധിയാണെങ്കിൽ, ആ വ്യക്തിയുടെ ഫോട്ടോയും ശേഖരിക്കുന്ന സംവിധാനം ഉടൻ നടപ്പാക്കും.
