പാലക്കാട്: പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ച സംഭവത്തെത്തുടർന്ന്, രോഗലക്ഷണങ്ങളോടെയെത്തിയ യുവതിയുടെ ബന്ധുവായ പത്ത് വയസുകാരനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ സാമ്പിളുകൾ കോഴിക്കോട് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പൂനെയിലെയും ലാബുകളിലും പരിശോധനയ്ക്കായി അയച്ചു.Nipah confirmed; strict restrictions to prevent spread of disease
നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യ മന്ത്രി വീണ ജോർജ് യുവതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനു ശേഷം യുവതി പൊതു ഗതാഗതം ഉപയോഗിച്ചിട്ടില്ലെന്നാണ് സ്ഥിരീകരിച്ച വിവരം.
38 കാരിയായ യുവതിയെ ജൂൺ 25നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചതില്‍ പ്രാഥമിക പരിശോധനയും പൂനെ വൈറോളജി ലാബിന്റെ സ്ഥിരീകരണ ഫലവും പോസിറ്റീവ് ആയി. യുവതിയുടെ സമ്പർക്ക പട്ടികയിൽ 91 പേരുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലക്കാട് ജില്ലയിൽ വിവിധ മേഖലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാര്‍ഡുകൾ, കരിമ്പുഴയിലെ 17, 18 വാര്‍ഡുകൾ എന്നിവയില്‍ കടകൾ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ മാത്രമേ തുറന്നിരിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. പൊതുജനങ്ങൾക്കായുള്ള മാസ്ക് നിർബന്ധമാണ്.
അതേസമയം മലപ്പുറത്ത് മങ്കടയിൽ മരിച്ച പതിനെട്ടുകാരിക്ക് നിപ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. പെൺകുട്ടി ജൂൺ 28നാണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജൂലൈ 1ന് ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. പോസ്റ്റ്മോർട്ടം ഫലം ലഭിച്ചതിന് പിന്നാലെ, പെൺകുട്ടിയുടെ സ്രവത്തിൽ നിന്നും നിപ സ്ഥിരീകരിച്ചു.
പിന്നീട്, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ, രണ്ട് ആശുപത്രി ജീവനക്കാർ, ബന്ധുക്കൾ എന്നിവരെ ക്വാറന്റൈനിലാക്കി. പൂനെയിലുണ്ടായ പരിശോധനാഫലവും പോസിറ്റീവ് ആയിരുന്നു.
