മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ‘ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ മുസ്ലിമിൻ’ (JNIM) എന്ന സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പ്രാഥമിക സംശയം.Three Indians kidnapped by terrorists in Mali: Ministry of External Affairs
ജൂലൈ ഒന്നിന് മാലിയിലെ ഒരു ഫാക്ടറി പരിസരത്താണ് സംഭവം നടന്നത്. ഫാക്ടറി വളപ്പിൽ ആയുധധാരികളായ ഒരു സംഘം അക്രമികൾ സംഘടിത ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബലമായി ബന്ദികളാക്കി കൊണ്ടുപോയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അൽ-ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ JNIM ചൊവ്വാഴ്ച നടന്ന ഈ അക്രമ പരമ്പരക്ക് ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
സംഭവത്തെ ഇന്ത്യൻ സർക്കാർ ശക്തമായി അപലപിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാർക്കായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ഈ ക്രൂരവും നിന്ദ്യവുമായ നടപടിയെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ പൗരന്മാരെ സുരക്ഷിതമായി മോചിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മാലി സർക്കാരിനോട് ഇന്ത്യ ആവശ്യപ്പെടുന്നു,” – പ്രസ്താവനയിൽ വ്യക്തമാക്കി.
