
കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സാമൂഹ്യമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീറിനെ ഇൻഫോപാർക്ക് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിനു ശേഷം നടിയെ ജാമ്യത്തിൽ വിട്ടു.Balachandra Menon defamation case; Meenu Muneer arrested
മീനു മുനീർ മുൻപ് ജയസൂര്യ ഉൾപ്പെടെയുള്ള ഏഴ് പേരെതിരെ ലൈംഗിക അതിക്രമം ആരോപിച്ച് പരാതി നൽകിയിരുന്നു. പിന്നീട് ബാലചന്ദ്രമേനോനെയും പ്രതിയാക്കി നടി രംഗത്തെത്തിയിരുന്നു.
2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ തിരുവനന്തപുരത്തെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം നടന്നതെന്ന് നടിയുടെ മൊഴിയിൽ പറയുന്നു. അന്ന് താൻ ഗീത് ഹോട്ടലിൽ താമസിക്കവേ ബാലചന്ദ്രമേനോൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു അവകാശവാദം.
എന്നാൽ, ഈ കേസ് സംബന്ധിച്ച് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ, നടിയുടെ ആരോപണങ്ങൾക്കു തെളിവില്ലെന്ന് വ്യക്തമാക്കുന്നു. കേസ് നടക്കുന്നതിന് ആവശ്യമായ ഹോട്ടൽ രേഖകളും ലഭ്യമായില്ല. ഹോട്ടൽ പിന്നീട് ഉടമകൾ മാറ്റിയതും രേഖകൾ നശിച്ചതും കാരണം കേസ് നിശ്ചയിക്കുന്നതിൽ തടസ്സമുണ്ടായെന്ന് പോലീസ് പറയുന്നു.
നടിയുടെ മൊഴിയ്ക്ക് പിന്തുണയായ തെളിവുകൾ ഒന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല. അതിനാൽ, കൂടുതൽ തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കണമെന്ന് പോലീസ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കോടതി, പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ നടിക്ക് എതിർപ്പ് ഉണ്ടെങ്കിൽ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നു നോട്ടീസ് നൽകിയിട്ടുണ്ട്. അതിനുശേഷം കേസ് ഔദ്യോഗികമായി അവസാനിപ്പിക്കപ്പെടും.