ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാതെ നിൽക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി തെലങ്കാന സർക്കാർ. അത്തരത്തിലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു 10 മുതൽ 15 ശതമാനം വരെ തുക നേരിട്ട് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാനുള്ള സാധ്യത സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കുന്നു.Telangana government proposes to deduct up to 15 percent of salary if parents do not have protection
തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ജീവനക്കാരുടെ മാതാപിതാക്കൾക്ക് വേണ്ടുള്ള സംരക്ഷണത്തിൽ വീഴ്ചവരുന്നുവെന്ന പരാതികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഇത്തരമൊരു പദ്ധതി അസമിൽ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മാതൃകകളും പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം.
പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, ട്രാൻസ്ജെൻഡർകൾ എന്നിവർക്കായി സമഗ്ര ക്ഷേമനയങ്ങൾ രൂപപ്പെടുത്തുമെന്നും, അവ ‘തെലങ്കാന റൈസിംഗ് – 2047’ ദർശനരേഖയിൽ ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രാൻസ്ജെൻഡർമാരെ ട്രാഫിക് പൊലീസ്, ഗതാഗതം, എൻഡോവ്മെന്റ്സ്, മെഡിക്കൽ, ആരോഗ്യ മേഖലകൾക്ക് പുറമേ ഐടി, മറ്റ് കോർപ്പറേറ്റ് മേഖലകളിലേക്കും ഉൾപ്പെടുത്തുന്നതിന് സാധ്യതകൾ പരിശോധിക്കാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.
