ഡൽഹി: മഴയത്ത് കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പത്തുവയസ്സുകാരനെ പിതാവ് കുത്തികൊലപ്പെടുത്തി. ഡൽഹിയിലെ തെക്ക്പടിഞ്ഞാറൻ പ്രദേശമായ സാഗർപൂറില് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കുട്ടി മഴയത്ത് ഇറങ്ങി കളിക്കാൻ നിർബന്ധം പിടിച്ചപ്പോൾ പിതാവ് കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മഴയത്ത് ഇറങ്ങിയ കുട്ടിയെ പിതാവ് തടഞ്ഞു. എന്നാൽ പിതാവിനെ എതിർത്ത് വീണ്ടും കളിയ്ക്കാൻ ഇറങ്ങിയതോടെ അടുക്കളയിൽ നിന്നും കത്തി എടുത്ത് ഇയാൾ കുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.Ten-year-old boy stabbed to death by father
തുടർന്നാണ് കുട്ടിയെ ഉച്ചയ്ക്ക് ഏകദേശം 1.30ഓടെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.
കുട്ടിയെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം വീട്ടിൽ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. നാലു മക്കളും പിതാവും ഒറ്റമുറിയിലുള്ള വീടിലായിരുന്നു താമസം. കുട്ടിയുടെ അമ്മ വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. നാല്പതു വയസ്സുള്ള പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.
