തിരുവനന്തപുരം: മലയാളവും ഇംഗ്ലീഷും പോലെ ഹിന്ദിക്കും സമാന പ്രാധാന്യം നല്കി സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസത്തെ നവീകരിക്കാൻ കേരള സർക്കാർ പദ്ധതിയിടുന്നു. ഇനി മുതല്‍ ഒന്നാം ക്ലാസുമുതല്‍ ഹിന്ദി പഠനം ആരംഭിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ അഞ്ചാം ക്ലാസിലാണ് ഹിന്ദി പഠനം ആരംഭിക്കുന്നത്.State government plans to start Hindi studies from first grade
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായുള്ള മാർഗരേഖയുടെ ഭാഗമായി, ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഹിന്ദി കംപ്യൂട്ടിങ്ങ് ഉള്‍പ്പെടെയുള്ള വിഷയങ്ങളിലേക്കും കുട്ടികളെ കൈപിടിച്ച് നയിക്കാനാണ് പ്ലാൻ. നിലവിലെ അഞ്ചാം ക്ലാസില്‍ തുടങ്ങുന്ന ഹിന്ദി പഠനം, ഒന്നുമുതല്‍ തുടങ്ങും വിധം മാറ്റാനും ആലോചനയുണ്ട്. ഹിന്ദി വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള പ്രാപ്തി കുട്ടികള്‍ക്കുണ്ടാക്കാനുള്ള പഠനപ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ ഏറ്റെടുക്കണം. ഇതിനായി ഹിന്ദി ക്ലബ് ഊര്‍ജിതമാക്കുന്നതിനു പുറമെ, ഹിന്ദി സിനിമകള്‍ കാണാനും കുട്ടികള്‍ക്ക് അവസരമൊരുക്കും. എല്ലാ കുട്ടികളും നിര്‍ബന്ധമായും ഹിന്ദി പഠിക്കുന്ന തരത്തിലാവും ഭാഷാപദ്ധതി.
ഇംഗ്ലീഷിൽ കുട്ടികൾക്ക് ലഭിക്കുന്ന നൈപുണ്യനിലവാരം പോലെ തന്നെ, ഹിന്ദിയിലും ശക്തമായ പ്രാവീണ്യം നേടുക എന്നതാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം (NEP) അനുസരിച്ചുള്ള ത്രിഭാഷാ പദ്ധതിയിലേക്കാണ് സംസ്ഥാനത്തിന്റെ നീക്കം. മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമെ ഹിന്ദിക്കും അവകാശം നല്‍കുകയാണ് ഈ സമീപനം.
അതേസമയം, ഇത് ഹിന്ദി അടിച്ചേല്‍പ്പിക്കലല്ല, പകരം ഭാഷാ വൈവിധ്യത്തെ വളർത്തുന്നതിനുള്ള സങ്കല്പമാണെന്ന് സർക്കാർ വിശദീകരിക്കുന്നു. സംസ്ഥാനത്ത് അധ്യയനം നടത്തുന്ന അതിഥിത്തൊഴിലാളികളുടെ കുട്ടികള്‍ക്കും ഹിന്ദി പഠനം ഉപകാരപ്പെടും. പൊതുവിദ്യാലയങ്ങളിലേയ്ക്ക് അവരുടെ വരവ് കൂട്ടുന്നതിനും ഇത് സഹായകരമാകും.
