തൃശൂര്‍: പുതുക്കാട്ടെ നവജാത ശിശുക്കളുടെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളായ അനീഷയും ബവിനും ഇന്ന് കോടതിയില്‍ ഹാജരാക്കും . രണ്ട് പേരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പദ്ധതി. ശിശുക്കളുടെ മൃതദേഹങ്ങൾ സംസ്കരിച്ചെന്ന് കരുതുന്ന സ്ഥലങ്ങളിൽ ഇന്ന് ഫോറന്‍സിക് പരിശോധന നടക്കും. കൊലപാതകം പ്രതികളുടെ ബന്ധുക്കളുടെ അറിവോടെയായിരുന്നോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.Puthukkad twin infant murder: Accused to be produced in court today
എഫ്ഐആർ പ്രകാരം, രണ്ട് കുഞ്ഞുങ്ങളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മയായ അനീഷയാണ്. 2021 നവംബര്‍ 6-ന് ആദ്യ കുട്ടിയെയും, 2024 ഓഗസ്റ്റ് 29-ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം, നൂലുവള്ളിയിലെ വീടിനോട് ചേർന്നിരുന്ന പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയതായും പിന്നീട് എട്ട് മാസങ്ങൾക്കുശേഷം അവയുടെ അവശിഷ്ടങ്ങൾ പുറത്തെടുത്ത് ബവിന് കൈമാറിയതായും എഫ്ഐആറിൽ വ്യക്തമാക്കുന്നു.
ആദ്യത്തെ കുട്ടിയെ കഴുത്തിൽ പൊക്കിള്‍ക്കൊടി ചുറ്റിയാണ് കൊലപ്പെടുത്തിയത് എന്ന് യുവതി പൊലീസിനോട് സമ്മതിച്ചു. കേസിന്റെ തുടക്കം, ജൂൺ 28-ന് രാത്രിയായിരുന്നു. ബവിന് എന്ന യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് അസ്ഥികളടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
