കണ്ണൂര്‍: കണ്ണൂരില്‍ തിരക്കേറിയ റോഡുകളില്‍ വലിയ ശബ്ദത്തില്‍ പാട്ട് വച്ച് ബസ് ഓടിക്കുന്നതും ബസിനകത്ത് സിനിമ കാണിക്കുന്നതും ഇനി നിയമലംഘനമായിരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ നിര്‍ദേശമിറക്കി.RTO issues strict directives banning singing and movie screenings in buses
ജില്ലയില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ ശബ്ദം കൂടുതലുള്ള ഓഡിയോ സംവിധാനങ്ങളും സിനിമാപ്രദര്ശനത്തിനുള്ള ഉപകരണങ്ങളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ബസിന്റെ പെര്‍മിറ്റും ഫിറ്റ്നസും റദ്ദാക്കും. കൂടാതെ 10,000 രൂപ വരെയുള്ള പിഴയും ഈടാക്കാനാണ് നിര്‍ദേശം.
വാതില്‍ തുറന്നുവെച്ചും എന്ജിന് ബോണറ്റിന് മുകളില്‍ യാത്രക്കാരെ ഇരുത്തിയും സര്‍വീസ് നടത്തുന്നത് പൂര്‍ണമായും നിയമവിരുദ്ധമാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.
ബസുകളുടെ സീറ്റിന് കീഴില്‍ വലിയ സ്പീക്കര്‍ ബോക്സുകള്‍ സ്ഥാപിക്കുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യമാണെന്ന് പരാതികള്‍ ഉയരുന്നതായും, നിലവില്‍ ബസുകളില്‍ പാട്ട് വയ്ക്കുന്നത് നിയമപരമായി വിലക്കിയിരിക്കുന്നുണ്ടെങ്കിലും അതിനോട് അനുകൂലമായി നടപടികള്‍ പോരെയെന്നാണ് റിപ്പോര്‍ട്ട്.
നിയമം കർശനമായി പ്രാബല്യത്തിൽ വരുത്താനും നടപടി ശക്തമാക്കാനുമാണ് ആര്‍ടിഒയുടെ ഇപ്പോഴത്തെ നീക്കം.
