തൃശൂർ: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനായി ബിജെപി ശക്തമായ മുന്നൊരുക്കങ്ങളുമായി മുന്നേറുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13ന് കേരളത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് അറിയിച്ചു. തൃശൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.Amit Shah in Kerala on July 13
തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്ക് രൂപം നൽകുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. കൂടാതെ, പുതിയതായി നിർമ്മിച്ച ബിജെപി സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുക കൂടിയാകും.
“വികസിത കേരളം” എന്ന ആശയം തദ്ദേശതലയിലേക്കും ജനതയിലേക്കും എത്തിക്കുന്നതിനായി ഓരോ വാർഡിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാൻ പാർട്ടി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായാണ് ഓഗസ്റ്റ് 1 മുതൽ 10 വരെ വാർഡ് സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് എം.ടി. രമേശ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ എം.ടി. രമേശിനൊപ്പം ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷും തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബും പങ്കെടുത്തു.
