തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിൽ പുതിയ നീക്കവുമായി സർക്കാർ. യുപിഎസ്സി സമർപ്പിച്ച ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നൽകുന്നതാണ് സർക്കാർ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിയമോപദേശം സർക്കാർ തേടിയിരിക്കുകയാണ്.DGP’s post to an officer not on UPSC list
രാജ്യത്ത് നിലവിൽ ഏഴ് സംസ്ഥാനങ്ങളിൽ ഡിജിപി തസ്തികയിൽ ഇൻ-ചാർജ് നിയമനമാണ് പ്രാബല്യത്തിൽ. ഈ മാതൃകയും സർക്കാർ പരിശോധിക്കുന്നുണ്ട്. അതേ സമയം, നിലവിലെ ഡിജിപിയായ ഷെയ്ഖ് ദർവേസ് സാഹിബ് ജൂൺ 30ന് വിരമിക്കുന്നതിനാൽ പുതിയ നിയമനം അതിവേഗം നടത്തേണ്ടതുണ്ട്. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിങ്ങനെ മൂന്ന് പേരാണ് യുപിഎസ്സിയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. എന്നാൽ, ഡെപ്യൂട്ടേഷനിൽ കേന്ദ്രത്തിൽ ഉള്ള റാവഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ നിയമനത്തിൽ താമസം നേരിടേണ്ടി വരും.
അതേസമയം, ചൊവ്വാഴ്ച നടക്കുന്ന മുഖ്യമന്ത്രി അവലോകന യോഗത്തെ മുൻനിർത്തി, ഡിജിപിക്ക് ഐപിഎസ് അസോസിയേഷൻ നൽകാനിരുന്ന യാത്രയയപ്പ് പരിപാടി ഞായറാഴ്ചയ്ക്ക് മാറ്റിയിരിക്കുകയാണ്.
