നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന് വൻ ആത്മവിശ്വാസം നൽകിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പതിവ് രീതികളിൽ നിന്നും മാറി മുതിർന്ന നേതാക്കൾക്കും ചുമതല നൽകി മുന്നേ പ്രതിനിധികൾക്ക് ചുമതലകൾ നിശ്ചയിച്ചാണ് രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം.Congress in local body preparations with Nilambur victory
പ്രധാന നഗര കോർപ്പറേഷനുകളുടെ ചുമതല മുതിർന്ന നേതാക്കൾക്കാണ്:മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കണ്ണൂർ കോർപ്പറേഷന്റെ ചുമതല. കോഴിക്കോട് കോർപ്പറേഷൻ രമേശ് ചെന്നിത്തലയ്ക്കും എറണാകുളത്ത് വിഡി സതീശനുമാണ് ചുമതല. തിരുവനന്തപുരം കോർപ്പറേഷൻ ചുമതല കെ മുരളീധരനാണ്. തൃശ്ശൂർ കോർപ്പറേഷൻ ചുമതല റോജി എം ജോണിന്. ബെന്നി ബഹനാന് കോട്ടയം ജില്ലയുടെ ചുമതല നൽകിയിട്ടുണ്ട്.
നിലമ്പൂർ ഫലം പ്രതീക്ഷകൾക്കൊത്തതാണെന്നും ഇത് 2026 നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിന്റെ നയങ്ങളിൽ തിരുത്തൽ വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആശ സമരവും മലയോര പ്രശ്നങ്ങളും പരിഹരിക്കണമെന്നും മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ സണ്ണി ജോസഫ് പറഞ്ഞു.
യുഡിഎഫിന്റെ ജനകീയ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. യുഡിഎഫിൽ പുതിയ പാർട്ടികളെ സ്വാഗതം ചെയ്യുന്നതിന് ചർച്ചകൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ വിജയത്തെ ‘ടീം വർക്കിന് ലഭിച്ച അംഗീകാരം’ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
നിലമ്പൂർ വിജയത്തിന് ശേഷം പുറത്തുവന്ന ‘ക്യാപ്റ്റൻ-മേജർ’ പരാമർശങ്ങൾക്കു മറുപടിയായി, താനൊരു സാധാരണ സൈനികനാണ് എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.
