കൽപ്പറ്റ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് കക്കയം ഡാമിലെ ജലനിരപ്പ് 758.05 മീറ്ററായി ഉയർന്നു. നിലവിലെ നില കണക്കിലെടുത്ത് ഡാമിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അധികജലം പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. സമീപപ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.Water level rises in Kakkayam Dam; alert issued
അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം വന്നിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ മുമ്പ് ഓറഞ്ച് അലർട്ടാണ് നിലവിലുണ്ടായിരുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കിയിട്ടുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറിയതാണ് കനത്ത മഴയ്ക്കും കാറ്റിനും കാരണമായത്. മഴയ്ക്കൊപ്പം കടല്‍ക്ഷോഭവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് .
നാളെയും മറ്റന്നാളും സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നാളെ അഞ്ച് ജില്ലകളിലും മറ്റന്നാള്‍ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
